കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു?; മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ പാര്‍ട്ടി വിട്ടു

മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നാരായണ്‍ റാണെ പാര്‍ട്ടി വിട്ടു. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്ന് റാണെ പ്രഖ്യാപിച്ചത്. മറ്റ് പാര്‍ട്ടിയില്‍ ചേരുന്നത് ഉള്‍പ്പടെ ഭാവി കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പെങ്കിലും ബിജെപിയിലേക്ക് ചേക്കാറാനാണ് നീക്കമെന്നാണ് സൂചന.
ബിജെപിയുടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി ആഗസ്ത് അവസാനം റാണെ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബിജെപിയിലേക്കുള്ള റാണെയുടെ കൂറുമാറ്റം ഉടനുണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു. തന്നോടൊപ്പം രണ്ട് മക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ് ഉള്‍പ്പടെയുള്ള പലതരം ഉറപ്പുകളാണ് പാര്‍ട്ടി മാറ്റത്തിന് ഉപാധിവെച്ചതെന്നും അണിയറയില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. മന്ത്രിസ്ഥാനവും മക്കള്‍ക്ക് രണ്ട് പേര്‍ക്കും അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുമാണ് റാണെ ബിജെപി നേതൃത്വത്തോട് ചോദിക്കുന്നതെന്നാണ് സൂചന.
പിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതാണ് കോണ്‍ഗ്രസ് നേതൃത്വവുമായി റാണെ ഇടയാന്‍ കാരണം. കൊങ്കണ്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള റാണെയുടെ വരവ് പാര്‍ട്ടിക്ക് കരുത്ത് പകരുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍.

രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ റാണേയ്ക്ക് പതിവാണ്. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയ്ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയതോടെ 2005ല്‍ അദ്ദേഹം ശിവസേനയ്ക്ക് പുറത്തായി. പിന്നീട് കോണ്‍ഗ്രസിലെത്തിയ റാണെ റവന്യൂ മന്ത്രിയായി. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് വിലാസ് റാവു ദേശ്മുഖിനെ നീക്കിയപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതെ അശോക് ചവാനെ മുഖ്യമന്ത്രിയാക്കിയതിനെതിരെ പാര്‍ട്ടിയില്‍ പ്രക്ഷോഭമുണ്ടാക്കിയതോടെ കോണ്‍ഗ്രസ് പുറത്താക്കി. പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ഖേദപ്രകടനം നടത്തി തിരിച്ചെത്തി വ്യവസായ മന്ത്രിയായി. പിന്നീട് ഇപ്പോഴാണ് ബിജെപിയുടെ ചാക്കിട്ട് പിടുത്തത്തിന്റെ സാധ്യതകളറിഞ്ഞുള്ള കാലുമാറ്റം.

© 2024 Live Kerala News. All Rights Reserved.