മോഡി ഭരണം പരീക്ഷണ ഘട്ടത്തില്‍; സാമ്പത്തിക മാന്ദ്യം മറി കടക്കാന്‍ ബ്ലൂപ്രിന്റ് തയാറാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ നേരിടാന്‍ ക്രൈസിസ് മാനേജ്മെന്റ് നടപടികള്‍ ഒരുങ്ങുന്നു. ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം രാജ്യത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തി. കൂടുതല്‍ കടുത്ത നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുമെന്ന സൂചനകളാണ് ലഭ്യമാകുന്നത്. ഇന്നലെ ചേര്‍ന്ന യോഗത്തെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിനുള്ള മുന്നൊരുക്കമായാണ് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. മുന്‍ വര്‍ഷത്തെ പോലെ ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കും.
തുടര്‍ച്ചയായി നാലു പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച താഴോട്ടായത് സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു. നോട്ട് നിരോധനവും ധൃതി പിടിച്ചു നടപ്പാക്കിയ ജിഎസ്ടിയുമാണ് സാമ്പത്തിക സ്ഥിതി തകിടം മറിച്ചത്. 2007-08 കാലയളവില്‍ വീശിയടിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിലും പിടിച്ചു നിന്ന ഇന്ത്യന്‍ ഇക്കോണമി ഇപ്പോള്‍ സ്വയം സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയില്‍ ഉഴലുകയാണ്. ചൊവാഴ്ച ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേര്‍ന്ന് വരുമാനത്തിന്റെയും ചെലവുകളുടെയും കാര്യത്തില്‍ ഒരു ബ്ലൂപ്രിന്റ് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വര്ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആഭ്യന്തര ഉത്പാദനം 5 .7 ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്.

സമ്പദ് വ്യവസ്ഥയുടെ എല്ലാ അടിസ്ഥാന മേഖലകളിലും ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വലിയ തിരിച്ചടിയുണ്ടായതാണ് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ശക്തമാക്കുന്നത്. മാനുഫാക്റ്ററിങ് മേഖലയില്‍ വളര്‍ച്ച, തൊട്ടു മുന്‍പത്തെ ക്വര്‍ട്ടറിലെ 5.3ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായി കുറഞ്ഞു. ഖനന മേഖലയില്‍ 6.4ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത് 0.7 ശതമാനത്തിലേക്കും താഴ്ന്നിരിക്കുകയാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 2.3 ശതമാനമാണ്. മുന്‍ ക്വര്‍ട്ടറില്‍ ഇത് 5.2 ശതമാനമായിരുന്നു. ഈ സാഹചര്യമാണ് അനിവാര്യമായ ചില നടപടികളിലേക്ക് സര്‍ക്കാരിനെ നയിക്കുന്നത്.
റിസേര്‍വ് ബാങ്കിന്റെ വായ്പനയ അവലോകനം അടുത്ത മാസം നടക്കുമെങ്കിലും പുതിയ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറക്കാന്‍ സാധ്യതയില്ല. പണപ്പെരുപ്പം ഉയര്‍ന്ന അവസ്ഥയില്‍ തല്‍സ്ഥിതി തുടരുന്നതിനാണു കൂടുതല്‍ സാധ്യത. സാമ്പത്തിക മാന്ദ്യം കേവലം സാങ്കേതികമല്ല, അത് യാഥാര്‍ഥ്യമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മോഡി ഭരണം അക്ഷരാര്‍ത്ഥത്തില്‍ വലിയ പരീക്ഷണ ഘട്ടത്തിലാണ്. മോശം സാമ്പത്തിക നടപടികളിലൂടെ ക്ഷണിച്ചു വരുത്തിയ ഈ പ്രതിസന്ധി രാഷ്ട്രീയമായി ബിജെപിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 2018ല്‍ തെരഞ്ഞെടുപ്പ് നടത്തി ഒരു വട്ടം കൂടി ഭരണം പിടിക്കുക എന്ന തന്ത്രം തത്കാലം ചുരുട്ടിക്കെട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

© 2022 Live Kerala News. All Rights Reserved.