ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് സമര്‍പ്പിക്കും; ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് ഒക്ടോബര്‍ ഏഴിന് മുന്‍പായി സമര്‍പ്പിക്കും. തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നത് മുന്‍കൂട്ടി കണ്ടാണ് പൊലീസിന്റെ നീക്കം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ ജൂലൈ 10നാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഉന്നത സ്വാധീനമുള്ള നടന്‍ പുറത്ത് വന്നാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നത് മുന്‍കൂട്ടി കണ്ടാണ് പ്രധാന തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിന് മുന്‍പ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നത്. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതില്‍ അറിവുണ്ടെന്ന് കരുതുന്ന കാവ്യാമാധവനെയും, നാദിര്‍ഷയേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷവും മൊബെെല്‍ ഫോണുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് തുടരും. കേസിലെ സാക്ഷിമൊഴികളും, അനുബന്ധ തെളിവുകളും കൂട്ടിയിണക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഗൂഢാലോചന, കൂട്ടബലാത്സംഗം, എന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ദിലീപിനെതിരായി കുറ്റപത്രം സമര്‍പ്പിക്കുക. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ദിലീപിനെതിരായി ചേര്‍ക്കുക എന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.