അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയിലേക്ക്; കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയിലേക്ക്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാം തവണയും ജാമ്യം തള്ളിയതോടെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അതേസമയം, ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് കുറ്റപത്രം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്നാംതവണയാണ് ഹൈക്കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തേ രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ അത് കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കണക്കിലെടുത്തായിരുന്നു അത്. 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ദിലീപിനു സ്വാഭാവിക ജാമ്യം ലഭിക്കാം.

ജൂണ്‍ 24നാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായിരുന്നു. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി. തുടര്‍ന്ന് മറ്റൊരു സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് വക്കാലത്തും നല്‍കി. ആദ്യ ജാമ്യാപേക്ഷയില്‍ ഗുരുതര പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്നായിരുന്നു ദിലീപിന് ബി. രാമന്‍ പിള്ള നല്‍കിയ നിയമോപദേശം. തുടര്‍ന്നാണ് 18 ദിവസങ്ങള്‍ക്ക് ശേഷം ദിലീപ് വീണ്ടും ഹൈക്കോടതിയെ രാമന്‍പിളള വഴി സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുകളുണ്ടെന്നും നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ച് രണ്ടാം തവണയും ജാമ്യം നിഷേധിച്ചത്.

© 2022 Live Kerala News. All Rights Reserved.