പനാജി: ഗോവയില്‍ പൊതുസ്ഥലത്ത് മദ്യപാനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. നേരത്തെ ബീച്ചുകളിലും തെരഞ്ഞെടുത്ത പൊതുഇടങ്ങളിലും മദ്യപാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വ്യാപിപ്പിച്ച് എല്ലാ പൊതുസ്ഥലങ്ങളിലും മദ്യപാനത്തിന് നിരോധനമേര്‍പ്പെടുത്താനാണ് ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനം.
മദ്യലഹരിയിലുള്ളവര്‍ സൃഷ്ടിക്കുന്ന ശല്യം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് മദ്യപാനം പൊതുയിടങ്ങളില്‍ നിരോധിക്കുന്നതെന്നാണ് മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന്റെ വാദം. മദ്യപാനത്തിന് നിരോധനമേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തില്‍ ങേദഗതി വരുത്തുമെന്നും ഒക്ടോബര്‍ അവസാനത്തോടെ വിജ്ഞാപനം പുറത്തിറക്കുമെന്നും പരീക്കര്‍ അറിയിച്ചു.
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ ഗോവന്‍ പൊലീസ് ശക്തമായ നടപടി സ്വാകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവത്കരണം ശക്തമാക്കാന്‍ ഗോവന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.