ബലാത്സംഗക്കേസില്‍ ജയിലിലായ ആള്‍ദൈവം റാം റഹീമിനെ രക്ഷിക്കാന്‍ ശ്രമിച്ചു: നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍

ബലാത്സംഗക്കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷയനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവനും ആള്‍ദൈവവുമായ ഗുരു ഗുര്‍മിത് റാം റഹീം സിങ്ങിനെ കോടതിയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച നാലു പോലീസുകാര്‍ കൂടി അറസ്റ്റില്‍. കഴിഞ്ഞ മാസം 25നു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഗുര്‍മീതിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് ഹരിയാനയിലെ മൂന്നും രാജസ്ഥാനിലെ ഒന്നും പോലീസുകാരെ അറസ്റ്റു ചെയ്തത്.
കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനു വിളിച്ചു വരുത്തിയാണ് ഹരിയാനയിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജേഷ് കുമാര്‍, അമിത് കുമാര്‍, കോണ്‍സ്റ്റബിള്‍ രാജേഷ് കുമാര്‍ എന്നിവരെ അറസ്റ്റു ചെയ്തതെന്ന് പഞ്ച്കുള പോലീസ് ക്മ്മീഷണര്‍ എഎസ് ചൗള വ്യക്തമാക്കി. അതേസമയം, ഹനുമന്‍ഗഢില്‍ നിന്നാണ് രാജസ്ഥാന്‍ പോലീസുകാരനെ അറസ്റ്റു ചെയ്തത്.
റാം റഹീം ജയിലിലാകുന്നതിനു മുമ്പ് സുരക്ഷയൊരുക്കിയിരുന്ന അഞ്ചു പോലീസുകാര്‍ക്ക് ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമിച്ച ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയും ഇവരെ സേനയില്‍ നിന്നും പുറത്താക്കുകയും രാജ്യ ദ്രോഹം കൊലപാതകശ്രമം എന്നീ കുറ്റങ്ങളും ചുമത്തിരുന്നു.
ഗുര്‍മീതിനെ കോടതിയില്‍ നിന്നും രക്ഷിക്കാന്‍ ഗൂഢാലോചന നടത്താന്‍ ഇവരെ കൂടാതെ ഏഴു പോലീസുകാര്‍ കൂടി ശ്രമിച്ചിരുന്നു.
1999ല്‍ ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസികളെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഗുര്‍മീത് 20 വര്‍ഷം ശിക്ഷ അനുഭവിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.