ശാരീരിക അവശത: നാദിര്‍ഷയെ ഇന്നത്തെ ചാദ്യം ചെയ്യല്‍ ഉപേക്ഷിച്ചു; ചോദ്യം ചെയ്യാനുള്ള ആരോഗ്യ സ്ഥിതിയല്ലെന്ന് ഡോക്ടര്‍മാര്‍

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യല്‍ പോലീസ് ഉപേക്ഷിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായ നാദിര്‍ഷയ്ക്കു ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടായതാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചത്.
ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ തന്നെ നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ധം കുറഞ്ഞതോടെ ഡോക്ടര്‍ പരിശോധിക്കുകയും ഇന്നത്തെ ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കാന്‍ പറയുകയുമായിരുന്നുവെന്ന് ആലുവ റൂറല്‍ എസ്പി അറിയിച്ചു. രണ്ടു ദിവസത്തിനു ശേഷമാകും ഇനി ചോദ്യം ചെയ്യല്‍ തീരുമാനിക്കുക. ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് പോലീസ് കോടതിയില്‍ അറിയിക്കും.
ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോടും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും.
നാദിര്‍ഷയെ പ്രതിയാക്കാന്‍ തല്‍ക്കാലം തെളിവുകളൊന്നും ഇല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ച് നാദിര്‍ഷാ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നേരത്തെ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യ ചെയ്തതിനൊപ്പം നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, കേസിന്റെ വസ്തുതകള്‍ നാദിര്‍ഷ മറച്ചുവെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ബോധിപ്പിച്ചത്.

© 2022 Live Kerala News. All Rights Reserved.