എം.സി ജോസഫൈന് വധഭീഷണി; തപാലില്‍ മനുഷ്യവിസര്‍ജ്യം ലഭിച്ചെന്നും പരാതി; കത്തുകള്‍ വന്നത് പി.സി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെ

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വധഭീഷണി. ദിലീപ് വിഷയത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തതിന് ശേഷമാണ് തനിക്ക് വധഭീഷണി ലഭിച്ചത് എന്ന് ജോസഫൈന്‍ വ്യക്തമാക്കി. മനുഷ്യവിസര്‍ജ്യവും ഭീഷണി കത്തുകളും തപാലില്‍ ലഭിച്ചെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്ര മിക്കപ്പെട്ട കേസില്‍ നടിക്കും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം വധഭീഷണി ലഭിക്കാറുണ്ട്. ഇത്തരം ഭീഷണി കൊണ്ട് കര്‍ത്തവ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നടിക്കെതിരായ എംഎല്‍എയുടെ പ്രസ്താവനക്കെതിരെ വനിതാ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു. ഇതില്‍ വനിതാ കമ്മീഷനെ പരിഹസിച്ചും പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. തനിക്ക് സൌകര്യമുണ്ടെങ്കില്‍ മൊഴി നല്‍കാന്‍ പോകുമെന്നായിരുന്നു പിസിയുടെ പ്രസ്താവന. കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യപ്രദമായ ദിവസമാണെങ്കില്‍ പോകും. കേസ് സംബന്ധമായ മുഴുവന്‍ വിഷയവും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. പാവപ്പെട്ട പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും. എന്നായിരുന്നു പിസിയുടെ പ്രസ്താവന.

പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്നൊയിരുന്നു ഇതിനോടുള്ള ജോസഫൈന്‍റെ പ്രതികരണം. പിസി ജോര്‍ജിന്റെ പരാമര്‍ശം പദവി മറന്നുളളതാണ്.നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ആരെയും ശിക്ഷിക്കുകയോ തൂക്കികൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടും. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷന് നല്‍കിയിട്ടുളള അധികാരം ഏട്ടില്‍ ഉറങ്ങാനുളളതല്ലെന്ന് ബോധ്യപെടുന്ന കാലമാണ് വരുന്നതെന്നും ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

© 2022 Live Kerala News. All Rights Reserved.