ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി മരിച്ചതായി സ്ഥിരീകരണം; സന്ദേശം ലഭിച്ചതായി ബന്ധുക്കള്‍

ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരണം. കണ്ണൂര്‍ കൂടാളി സ്വദേശി ഷിജില്‍ മരിച്ചതായിട്ടാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഷിജില്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു.
നേരത്തെ തന്നെ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന ഷിജിലിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. ആറു മാസം മുന്‍പ് കണ്ണൂരില്‍നിന്ന് ഐഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരസംഘടയില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്സൈറ്റുകള്‍ നടത്തിയത് ഷജീറാണ്. ഇയാള്‍ അഡ്മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

സിറിയയിലും നംഗര്‍ഹാര്‍ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴുണ്ടെന്നാണ് നിഗമനം. വളപട്ടണം ഗ്രൂപ്പില്‍ ഷമീറിന്റെ ഭാര്യ, രണ്ടുമക്കള്‍, മുഹമ്മദ് റിഫാലിന്റെ മാഹി സ്വദേശിയായ ഭാര്യ ഹുദ, അബ്ദുള്‍ മനാഫ്, മൂന്നുമക്കള്‍, വളപട്ടണത്തെ തന്നെ ഷബീര്‍, ഭാര്യ എന്നിവര്‍ ഇതിലുണ്ടെന്ന് കരുതുന്നു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ കനകമല ഗ്രൂപ്പിലെ പത്തോളംപേര്‍, ‘ബഹ്റൈന്‍’ ഗ്രൂപ്പിലെ പത്തോളംപേര്‍, കാസര്‍കോട് ഗ്രൂപ്പിലെ അവശേഷിക്കുന്ന 17 പേര്‍, കണ്ണൂര്‍ കൂടാളിയിലെ ഷാജഹാന്‍ ഗ്രൂപ്പിലെ എട്ടോളം പേര്‍ എന്നിവരും ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ കുറേപ്പേര്‍ നാട്ടിലുണ്ട്. നിരീക്ഷണത്തിലുള്ള ഇവരില്‍നിന്ന് പൊലീസ് വിശദമൊഴി എടുത്തിട്ടുണ്ട്. കണ്ണൂര്‍ കൂടാളിയിലെ ഷാജഹാനെ കഴിഞ്ഞമാസം ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കിയില്‍ അറസ്റ്റിലായ ഷാജഹാനെ ഇന്ത്യയിലേക്ക് മടക്കിയയച്ചതാണ്. ഇന്ത്യയിലെത്തി വീണ്ടും സിറിയയിലേക്ക് മടങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുള്ള രണ്ടുപേര്‍ ഐഎസ് ക്യാമ്പിലുണ്ടെന്നാണ് വിവരം. ഐഎസ്. ഭീകരനായ കണ്ണൂര്‍ എടക്കാട്ടെ മുനീറിനെ സൗദി പൊലീസ് ജയിലിലടച്ചിരിക്കുകയാണ്.

© 2022 Live Kerala News. All Rights Reserved.