ഉഴുന്നാലിലിനായി മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; മോചനത്തിനായി ശ്രമിച്ചത് നിശബ്ദമായിട്ടെന്ന് മന്ത്രി വി.കെ സിങ്; ‘ടോം ഇന്ത്യയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല’

ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. മസ്‌കറ്റില്‍ നിന്നും വത്തിക്കാനിലേക്ക് പോയ ടോം ഉഴുന്നാലില്‍ നാട്ടിലേക്ക് മടങ്ങുന്ന കാര്യം അദ്ദേഹം തന്നെ തീരുമാനിക്കും.
മോചിപ്പിക്കപ്പെട്ട ശേഷം അദ്ദേഹം ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടില്ല. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നും ടോം ഉഴുന്നാലില്‍ എപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്തുമെന്നതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. കോലാഹലങ്ങളില്ലാതെ നിശബ്ദമായിട്ടാണ് ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഇന്ത്യ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ഇന്നലെ മോചിപ്പിച്ചത്. മോചനദ്രവ്യമായി ഒരു കോടി ഡോളര്‍ നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തന്റെ മോചനത്തിനായി ഇന്ത്യ യാതൊന്നും ചെയ്തിട്ടില്ലെന്ന് തടങ്കലില്‍ ആയിരിക്കെ പുറത്തുവന്ന വീഡിയോയില്‍ ഉഴുന്നാലില്‍ പറയുന്നുണ്ട്.

© 2023 Live Kerala News. All Rights Reserved.