‘വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാര്‍; തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ്’; തുറന്നുപറഞ്ഞ് രാഹുല്‍ ഗാന്ധി

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ സന്നദ്ധനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അമേരിക്കയിലെ ബര്‍ക്ക്ലി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ബിജെപി പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം അപകടമാണെന്നും രാഹുല്‍ പറഞ്ഞു.
‘പാര്‍ട്ടിയ്ക്ക് വ്യക്തമായ സംഘടന ചട്ടങ്ങളും രീതികളും ഉള്‍ക്കൊള്ളുന്ന ആഭ്യന്തരം സംവിധാനം ഉണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. ഞാന്‍ ഇതില്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുല്‍ വിസമ്മതിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് അടുക്കുന്ന സന്ദര്‍ഭത്തിലാണ് പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി തുറന്ന് പറഞ്ഞത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുമെന്നായിരുന്നു 2014ല്‍ ഏവരും കരുതിയത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ ചേര്‍ന്ന യോഗം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാതെയാണ് പിരിഞ്ഞതും.

കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയില്‍ ഉഴറുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ വിശാല സഖ്യത്തിന് ശ്രമിക്കുന്ന സാഹചര്യത്തിലുമാണ് വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന രാഹുലിന്‍റെ വെളിപ്പെടുത്തല്‍.

© 2024 Live Kerala News. All Rights Reserved.