ഓണം ബംപര്‍ അടിച്ചത് സര്‍ക്കാരിന്! ദിവസവും വിറ്റഴിക്കുന്നത് ഒരു ലക്ഷം ടിക്കറ്റുകള്‍; പത്ത് കോടിയില്‍ കണ്ണുംനട്ട് 70 ലക്ഷത്തോളം പേര്‍

ഓണം ബംപര്‍ അടിക്കാനിരിക്കുന്ന ഭാഗ്യവാനെ തേടിയെത്തുക പത്ത് കോടി രൂപയുടെ സമ്മാന തുകയാണെങ്കിലും നറുക്കെടുപ്പിനും മുമ്പേ ബംപറടിച്ചിരിക്കുന്നത് സര്‍ക്കാരിനാണ്. ദിവസം ഒരു ലക്ഷം ടിക്കറ്റെന്ന നിരക്കിലാണ് ഓണംബംപര്‍ വിറ്റഴിക്കുന്നത്. ഇതിനോടകം ടിക്കറ്റ് വില്‍പന 108 കോടി രൂപ കടന്നു. 11 തീയതി ഉച്ച വരെയുള്ള കണക്ക് പ്രകാരം 43,46,000 ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്. 250 രൂപയാണ് ടിക്കറ്റിന്റെ വിലയെന്നിരിക്കെയാണ് അതിശയ വില്‍പന.
ആദ്യം 48 ലക്ഷം ടിക്കറ്റുകളാണ് വില്‍പനയ്ക്കായി അച്ചടിച്ചത്. ഇത് ഉടനെ വിറ്റ് തീരുമെന്നതിനാല്‍ 12 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാന്‍ തുടങ്ങി. പരാമവധി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതിയാണുള്ളത്. എട്ട് ദിവസം കൂടിയാണ് വില്‍പനയ്ക്കുള്ളത്. 70 ലക്ഷം ടിക്കറ്റ് വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.

നറുക്ക് അടിക്കുന്ന ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത് 61.81 കോടിയുടെ സമ്മാനങ്ങളാണ്. കഴിഞ്ഞ ഓണം ബംബറിന്റെ ഒന്നാംസമ്മാനം എട്ടുകോടിയായിരുന്നു. കഴിഞ്ഞവര്‍ഷം 69,79,589 ഓണം ബംബര്‍ ടിക്കറ്റുകളാണ് വിറ്റു തീര്‍ത്തത്. അന്ന് 200 രൂപയായിരുന്നു ടിക്കറ്റ് വില. ജൂലായ് 25-നാണ് ഓണം ബംബര്‍ വില്‍പ്പന തുടങ്ങിയത് മുതല്‍ ഈ വര്‍ഷത്തെ ഓണം ബംപറും സൂപ്പര്‍ ഹിറ്റാണ്.

© 2022 Live Kerala News. All Rights Reserved.