കാവ്യമാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുപോയെന്ന് മൊഴി; പൊലീസ് അന്വേഷിച്ചത് നടി ആക്രമിക്കപ്പെട്ടതിന് മുന്‍പും ശേഷവുമുളള വിവരങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും നടി കാവ്യമാധവനെയും കേസില്‍ ബന്ധിപ്പിക്കുന്ന തെളിവുകളിലൊന്ന് നശിച്ചതായി റിപ്പോര്‍ട്ട്. കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്ററാണ് നശിച്ചത്. സെക്യൂരിറ്റി ക്യാബിനില്‍ മഴയെ തുടര്‍ന്ന് വെളളം കയറിയെന്നും അങ്ങനെ രജിസ്റ്റര്‍ നശിച്ചുപോയെന്നുമാണ് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് മുന്‍പും ശേഷവുമുളള രജിസ്റ്ററാണ് നശിച്ചത്.
കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയില്‍ താന്‍ പോയിട്ടുണ്ടെന്നും അവിടുത്തെ സന്ദര്‍ശക രജിസ്റ്ററില്‍ തന്റെ പേരും മൊബൈല്‍ നമ്പരും കുറിച്ചിരുന്നെന്നും നേരത്തെ പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സന്ദര്‍ശക രജിസ്റ്റര്‍ അന്വേഷിച്ചിറങ്ങിയതും. അതേസമയം രജിസ്റ്റര്‍ മനഃപൂര്‍വം നശിപ്പിച്ചതാണോ എന്നുളള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. രജിസ്റ്ററിലൂടെ കാവ്യയും പള്‍സര്‍ സുനിയുമായുളള ബന്ധം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം.

രണ്ടുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നാളെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപിന്റെ ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. ദിലീപ് ജയിലില്‍ അടക്കപ്പെട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനുളള നീക്കത്തിലാണ് പൊലീസ്. നേരത്തെ രണ്ടുതവണ ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

© 2022 Live Kerala News. All Rights Reserved.