ഒടുവില്‍ ശശികലയും ദിനകരനും പുറത്ത്; അണ്ണാ ഡിഎംകെയ്ക്ക് ഇനി ജനറല്‍ സെക്രട്ടറിയുണ്ടാകില്ല; അധികാരങ്ങള്‍ പനീര്‍സെല്‍വത്തിലേക്കും പളനി സ്വാമിയിലേക്കും

അനിശ്ചിതത്വങ്ങള്‍ക്കും കൂറുമാറ്റങ്ങള്‍ക്കും ഒടുവില്‍ അണ്ണാ ഡിഎംകെയിലെ അഴിച്ചുപണിയില്‍ വി.കെ ശശികലയും ടി.ടി.വി ദിനകരനും പുറത്ത്. ചെന്നൈയില്‍ ചേരുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വി.കെ ശശികലയെ പുറത്താക്കിയ പ്രമേയം പാസാക്കിയത്. സര്‍ക്കാരിനെ മറിച്ചിടുമെന്ന് വെല്ലുവിളി ഉയര്‍ത്തിയ ടി.ടി.വി ദിനകരനെയും അനുയായികളെയും പുറത്താക്കിയിട്ടുണ്ട്. എഐഎഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ അന്തരിച്ച ജയലളിതയോടുളള ആദരസൂചകമായി ജനറല്‍ സെക്രട്ടറി സ്ഥാനം തുടര്‍ന്ന് ഉണ്ടാകില്ലെന്നും ഒഴിച്ചിടുകയാണെന്നും ജയലളിത തന്നെ അവസാന ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജനറല്‍ സെക്രട്ടറിയുടെ അധികാരങ്ങള്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ് കോ ഓര്‍ഡിനേറ്ററായ ഒ. പനീര്‍സെല്‍വത്തിലേക്ക് വന്നുചേരുമെന്നാണ് അറിയുന്നതും. എടപ്പാടി പളനിസ്വാമിയാണ് അസ്റ്റിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍.
ജയലളിത നിയമിച്ചവര്‍ പാര്‍ട്ടിയില്‍ അതേ സ്ഥാനങ്ങളില്‍ തുടരുമെന്നും രണ്ടില ചിഹ്നം വീണ്ടെടുക്കണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും നയിക്കുന്ന സമിതിയാകും പാര്‍ട്ടിയെ തുടര്‍ന്ന് നയിക്കുക. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും എടുക്കാനുമുളള അധികാരം ഇനി ഇവര്‍ക്കായിരിക്കും. യോഗം നടക്കുന്നത് തടയണമെന്ന ദിനകരന്‍ പക്ഷത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിനെ മറിച്ചിടുമെന്ന മുന്നറിയിപ്പുമായി ദിനകരന്‍ എത്തിയിരുന്നു.

–– ADVERTISEMENT ––

ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയും നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറിലധികം പാര്‍ട്ടി ഭാരവാഹികളാണ് പങ്കെടുക്കുന്നത്. പാര്‍ട്ടി മേല്‍നോട്ടത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ സെക്രട്ടറിയായി ഉപമുഖ്യന്ത്രി ഒ. പനീര്‍സെല്‍വത്തേയും ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും തിരഞ്ഞെടുത്ത നടപടിക്കും യോഗം അംഗീകാരം നല്‍കി. കാവേരി നദീ തര്‍ക്കം, നീറ്റ് പ്രക്ഷേഭം, മത്സ്യ തൊഴിലാളികളുടെ പ്രശ്‌നം തുടങ്ങി മറ്റ് വിഷയങ്ങളിലും യോഗം പ്രമേയം പാസാക്കും.

© 2024 Live Kerala News. All Rights Reserved.