ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ നിയമന ഉത്തരവ് ലഫ്.ഗവര്‍ണര്‍ വീണ്ടും റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്.ഗവര്‍ണറും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമ്മില്‍ വീണ്ടും അധികാര വടംവലി. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി സ്വാതി മലിവാളിനെ നിയമിച്ചത് ലഫ്.ഗവര്‍ണര്‍ നജീബ് ജങ് റദ്ദാക്കി.

നിയമനം തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നാരോപിച്ചാണ് ഗവര്‍ണര്‍ നിയമനം റദ്ദാക്കിയത്. ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ജെയ്ഹിന്ദിന്റെ ഭാര്യയാണ് മുപ്പതുകാരിയായ സ്വാതി. കോണ്‍ഗ്രസ് അംഗമായ ബര്‍ഖ സിങിന്റെ കാലാവധി ഈ മാസം അവസാനിച്ചതിനേത്തുടര്‍ന്ന് നാലുദിവസം മുമ്പാണ് സ്വാതിയെ നിയമിച്ചത്.

ഇന്ത്യാ എഗെന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയില്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചുവരുന്ന സ്വാതി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശകയുമായിരുന്നു.

ലഫ്.ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ നിയമനങ്ങള്‍ റദ്ദാക്കുന്ന സംഭവങ്ങളില്‍ ഏറ്റവും പുതിയതാണിത്.

സ്വാതിയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും കെജ്‌രിവാളിന്റെ സന്തത സഹചാരിയായിരുന്ന പ്രശാന്ത് ഭൂഷണും രംഗത്തുവന്നിരുന്നു. നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം വെറും ആരോപണം മാത്രമാണെന്നും ആ പദവിക്ക് അനുയോജ്യയായതുകൊണ്ടാണ് സ്വാതിയെ നിയമിച്ചതെന്നും കെജ് രിവാള്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.