ദിലീപിനെ സന്ദര്‍ശിച്ചവരുടെ പട്ടിക അധികൃതര്‍ കോടതിയില്‍ സമര്‍പ്പിക്കും; താരം ജയിലഴിക്കുളളില്‍ ആയിട്ട് രണ്ടുമാസം പിന്നിടുന്നു; ജാമ്യാപേക്ഷ 13ന് നല്‍കിയേക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് രണ്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ജാമ്യഹര്‍ജി നല്‍കാന്‍ നീക്കം. ഈ മാസം 13ന് ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് വിവരങ്ങള്‍. നേരത്തെ ദിലീപ് ഒരുതവണ മജിസ്‌ട്രേറ്റ് കോടതിയിലും രണ്ടുതവണ ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി തളളിയിരുന്നു. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാകും ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെടുക.
നടന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയും 13നാണ് പരിഗണിക്കുന്നത്. അതിനിടെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിവരം വ്യാഴാഴ്ച ജയില്‍ അധികൃതര്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജയില്‍ സൂപ്രണ്ടിനോട് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിരുന്നത്. ദിലീപിനെ സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ക്ക് അനുമതി നല്‍കിയതിന് എതിരെ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയെ സമീപിച്ചത്.