ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം മുന്നില്‍; എബിവിപിക്ക് തിരിച്ചടി; ദിശാമാറ്റത്തിന്റെ സൂചന നല്‍കി ബാപ്‌സയുടെ മുന്നേറ്റം

ജവഹര്‍ലാല്‍ നെഹ്റു യൂണിയന്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം വിജയത്തിലേക്ക്. വോട്ടെണ്ണി തീരാറാകുമ്പോള്‍ ഐക്യ ഇടത് സഖ്യമാണ് മുമ്പിട്ട് നില്‍ക്കുന്നത്. എസ്എഫ്ഐ, ഐസ,ഡിഎസ്എഫ് എന്നീ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്നതാണ് വിശാല ഇടത് സഖ്യം. അറുപത് ശതമാനത്തോട് അടുത്ത് മാത്രമായിരുന്നു പോളിങ്. സെപ്തംബര്‍ 11നാണ് ഓദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതെങ്കിലും ഞാറാഴ്ച്ച രാവിലെ തന്നെ ഫലങ്ങള്‍ അറിയാം.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇടത് സഖ്യത്തിന്റെ സ്ഥാനാർത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. വൈസ് പ്രസിഡന്റ് സഥാനത്ത് എബിവിപി സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നേട്ടമുണ്ടാക്കിയിരുന്ന സ്കൂളുകളില്‍ അടക്കം എബിവിപി ഇത്തവണ പിന്നിലാണ്. ഇടത് സംഘടനകളുടെയും വോട്ട് വിഹിതത്തില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ ബാപ്സയ്ക്ക് സാധിച്ചു. മറ്റ് പ്രധാനപ്പെട്ട സീറ്റുകളില്‍ ഇടത് സഖ്യത്തിന് പിന്നിലായി ബാപ്സയാണ് രണ്ടാം സ്ഥാനത്ത്. എന്‍എസ്യുവും മത്സരംഗത്തുണ്ട്.

ബാപ്സയുടെ ഷബാനാ അലിയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മത്സര രംഗത്തിലായിരുന്നു എഐഎസ്എഫ് ഈ വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അപരാജിത രാജ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വോട്ടെണ്ണല്‍ തുടരുകയാണെങ്കിലും നാല് കൗണ്‍സിലര്‍ സീറ്റുകള്‍ ഇടത് സഖ്യം നേടികഴിഞ്ഞു. ഭഗത് സിങ് അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ഒരു സീറ്റിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു സീറ്റിലും വിജയിച്ചു.

ജെഎന്‍യു നിയമാവലിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതു സംവാദത്തില്‍ അന്താരാഷ്ട്ര ദേശീയ വിഷയങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. ജെഎന്‍യുവില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്താനാകാത്തതും തെരഞ്ഞെടുപ്പ് വിഷയമായി.

© 2022 Live Kerala News. All Rights Reserved.