ഗുര്‍മീതിന്റെ സിര്‍സയില്‍ വെടിമരുന്ന് ഫാക്ടറിയും; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയടക്കം അഞ്ച് പേരെ പൊലീസ് രക്ഷിച്ചു; പൊലീസിനെ ഞെട്ടിച്ച് രണ്ടാം ദിന റെയ്ഡ്

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീമിന്റെ താവളം, സിര്‍സയില്‍ നടക്കുന്ന റെയ്ഡ് തുടരുന്നു. സുരക്ഷ ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും ചേര്‍ന്ന് നടത്തുന്ന റെയ്ഡിന്റെ രണ്ടാം ദിവസം സിര്‍സയുടെ മുമ്പിലായി അനധികൃത വെടിമരുന്ന്‌ ഫാക്ടറിയും കണ്ടെത്തി.
80 കാര്‍ട്ടണ്‍ സ്ഫോടക ദ്രവ്യങ്ങളാണ് സിര്‍സയുടെ പരിസരത്ത് നിന്നായി കണ്ടെത്തിയിരിക്കുന്നത്. പടക്കമുണ്ടാക്കാനാണ് ഇത്രയും സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് എന്നാണ് ദേരാ സച്ചാ സൗദാ പ്രതിനിധികള്‍ പറയുന്നത്. ആയുധ പുരയും ഫാക്ടറിയും പൊലീസ് സീല്‍ വെച്ച് അടച്ച് പൂട്ടി. ഇവിടെ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
50 വീഡിയോ ഫോട്ടോഗ്രാഫര്‍മാര്‍, താഴ് പൂട്ടിക്കുന്നതില്‍ വിദഗ്ദ്ധരായവര്‍, ടണല്‍ കുഴിക്കുന്നതിനാവശ്യമുള്ളവര്‍ എന്നിവരും സംഘത്തിലുണ്ട്. ഈഫല്‍ ടവര്‍, താജ് മഹല്‍ തുടങ്ങി ലോകാത്ഭുതങ്ങളുടെ മാതൃകകളും ഗുര്‍മീത് താവളത്തില്‍ ഒരുക്കിയിരുന്നു. സ്ത്രീകളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയിരുന്നു ഗുഹ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. വളരെ പരന്ന് കിടക്കുന്ന സിര്‍സയില്‍ പരിശോധന അവസാനിക്കുന്നതിന് സമയമെടുക്കുമെന്നാണ് ഹരിയാന പൊലീസ് മുഖ്യന്‍ ബിഎസ് സന്ധു മാധ്യമങ്ങളെ അറിയിച്ചത്.
വെള്ളിയാഴ്ച്ച രാവിലെയാണ് സിര്‍സയിലെ റെയ്ഡ് ആരംഭിച്ചത്. റെയ്ഡിനെ തുടര്‍ന്ന് സിര്‍സയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടിയുടെ അനുമതിയോടെയാണ് ആശ്രമത്തില്‍ പൊലീസ് പരിശോധന നടത്തുന്നത് .പരിശോധന ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്ലാസ്റ്റിക് നോട്ടുകള്‍, നിരോധിച്ച നോട്ടുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഹാര്‍ഡ് ഡിസ്കുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ അഞ്ച് പേരെ സിര്‍സയില്‍ നിന്നും രക്ഷപ്പെടുത്തി.

കോടതി നിര്‍ദേശ പ്രകാരം ആശ്രമത്തില്‍ കഴിഞ്ഞിരുന്ന റാം റഹീമന്റെ അനുയായികളെ ഒഴിപ്പിച്ചു കൊണ്ടായിരുന്നു പരിശോധന. സൈന്യവും പൊലീസും സിര്‍സയിലെ ആസ്ഥാനം വളഞ്ഞു. 800 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ആശ്രമത്തില്‍ ബോംബ് സ്‌കോഡ് അടക്കമുള്ള സായുധ സേനാംഗങ്ങളാണ് പരിശോധന നടത്തുന്നത്. സിര്‍സയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. കനത്ത സുരക്ഷയാണ് സിര്‍സയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി പൊലീസിനു പുറമെ ഡോഗ് സ്‌ക്വാഡിന്റെ പിന്തുണയോടെ 41 കമ്പനി അര്‍ദ്ധസൈനികരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ പീഡിപ്പിച്ചകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്ന ഗുര്‍മീതിനെ 20 വര്‍ഷം കഠിനതടവും രണ്ട് കേസുകളിലായി 20 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധി വന്നതിന് പിന്നാലെ ഉണ്ടായ കലാപത്തില്‍ 38 പേരാണ് ഹരിയാനയിലെ പഞ്ച്കുലയിലും സിര്‍സയിലും മരിച്ചത്. 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.