ദിലീപിന് പിന്തുണയുമായി വീണ്ടും ശ്രീനിവാസന്‍; ‘ആ നിരപരാധിത്വം കാലം തെളിയിക്കും’

നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പൊലീസ് റിമാന്റിലുള്ള നടന്‍ ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്‍. ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ക്ക് നില്‍ക്കുന്ന ആളല്ല ദിലീപെന്നും ശ്രീനിവാസന്‍ പറഞ്ഞു. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ദിലീപിന് അനുകൂല നിലപാടുമായി ശ്രീനിവാസന്‍ രംഗത്തെത്തുന്നത് ഇതാദ്യമല്ല. സാമാന്യബുദ്ധിയുള്ള ആളാണ് ദിലീപെന്നും നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സത്യമറിയുംമുന്‍പ് ആരുടെമേലും കുറ്റം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു.

അതേസമയം ദിലീപിന് അനുകൂലമായി പ്രസ്താവനയിറക്കിയ നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ്‌കുമാറിനെതിരേ അന്വേഷണസംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗണേഷിന്റെ പ്രസ്താവന കേസിനെ വഴിതെറ്റിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണദിവസങ്ങളില്‍ സിനിമാമേഖലയില്‍ നിന്ന് പന്ത്രണ്ട് പേരാണ് ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നത്.