ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവനക്കെതിരെ പൊലീസ്; ‘പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധിനിക്കുന്നതും’

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയ കെബി ഗണേഷ് ഗുമാര്‍ എംഎല്‍എ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ് കോടതിയില്‍. പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധിനിക്കുന്നതും ആണ് എന്നാണ് പൊലീസ് കോടതി ബോധിപ്പിച്ചത്. ഈ പ്രസ്താവന ബോധപൂര്‍വം നടത്തിയതാണെന്നും കോടതി അടിയന്തിരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ജയിലിലെ സന്ദര്‍ശന ബാഹുല്യം നടപടി ക്രമങ്ങളെ ബാധിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പ്രതികരണത്തെ തുടര്‍ന്ന് ആലുവ സബ്ബ്ജയില്‍ സൂപ്രണ്ടിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞത് നേരത്തെ തന്നെ വിവാദമായിരുന്നു. ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചശേഷമായിരുന്നു ഗണേഷിന്റെ അഭിപ്രായ പ്രകടനം. താന്‍ ദിലീപിന് ഒപ്പമാണ്. അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിതെന്നും പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ജയിലിനുളളില്‍ ദിലീപുമായി അരമണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയ ഗണേഷ് കുമാര്‍ എംഎല്‍എ വിശദമാക്കിയിരുന്നു. നേരത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇടതുപക്ഷ എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും എംപി ഇന്നസെന്റും ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലുളള നിലപാട് സ്വീകരിച്ചതും വാര്‍ത്താസമ്മേളനത്തില്‍ അണിനിരത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.