ഗൗരി ലങ്കേഷ് വധം: കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍; ജനങ്ങളുടെ സഹായം തേടി പൊലീസും

ബംഗലൂരൂ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വീടിന് മുമ്പില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടി പ്രത്യേക അന്വേഷണസംഘം. കര്‍ണാടക ആഭ്യന്തര മന്ത്രാലയം കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഐജി ബികെ സിങിന്റെ നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്ന് വിവരശേഖരണത്തിന് മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചത്.

ബികെ സിങിന്റെ മേല്‍നോട്ടത്തിലുള്ള 21 അംഗ പ്രത്യേക അന്വേഷണ സംഘമാണ് ( എസ്‌ഐടി) കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘം വിപുലീകരിക്കാനും ആലോചനയുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഗൗരിയുടെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖാചിത്രം തയാറാക്കിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് പുറത്തുവിട്ടിട്ടില്ല.
അക്രമികള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ വൈസര്‍ ഭാഗത്ത് കൂടി പുറത്ത് കാണുന്ന മുഖഭാഗങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഏകദേശ രൂപചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. 20-25 വയസ്സ് പ്രായമുള്ള അഞ്ചരയടി പൊക്കമുള്ളയാളുടെ ദൃശ്യങ്ങളാണ് വീടിന് പിന്നിലായി സ്ഥാപിച്ചിട്ടുള്ള നാല് സിസിടിവി ക്യാമറകളില്‍ പതിഞ്ഞത്. 15 ദിവസം മുന്‍പ് മാത്രമാണ് വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.

ആർ ആർ നഗറിലെ ഗൗരി ലങ്കേഷിന്‍റെ വീട്ടിലും ലങ്കേഷ് പത്രിക ഓഫീസിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും.