രാംദേവിന്റെ പതഞ്ജലിയുടെ ച്യവനപ്രാശം പരസ്യത്തിന് ‘കട്ട്’ പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി NATIONAL September 8, 2017, 1:26 pm

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലിയോട് ച്യവനപ്രാശം പരസ്യം സംപ്രേക്ഷണം ചെയ്യുന്നത് താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഡാബറിന്റെ ച്യവനപ്രാശം ഉത്പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പതഞ്ജലി പരസ്യം നല്‍കുന്നുവെന്ന് കാണിച്ച് ഡാബര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സെപ്തംബര്‍ 26ന് കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ പരസ്യം സംപ്രക്ഷണം ചെയ്യരുത് എന്നാണ് നിര്‍ദേശം. ഡാബറിന്റെ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് പതഞ്ജലിയ്ക്ക് കോടതി നോട്ടീസ് അയച്ചു.
പരസ്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യം നല്‍കിയതില്‍ പതഞ്ജലിയില്‍ നിന്നും 2 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഡാബര്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ ഒന്നിന് കേസ് പരിഗണിച്ച ജഡ്ജി പരസ്യത്തിന് നിയന്ത്രണം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല എന്ന് ഉത്തരവിട്ടതോടെയാണ് ദാബര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

പതഞ്ജലി ച്യവനപ്രാശം പാക്കറ്റുകളില്‍ ഉപയോഗിക്കുന്ന ട്രേഡ് മാര്‍ക്ക് ദാബറിനു തുല്യമാണെന്നും കമ്പനി ഹര്‍ജിയില്‍ വ്യക്തമാക്കി. പതഞ്ജലി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പരസ്യങ്ങളില്‍ ഡാബറിന്‍റെ ട്രേഡ് മാര്‍ക്കിന് സമാനമായത് ഉപയോഗിച്ചതാണ് കേസിന് ആദാരം.

© 2024 Live Kerala News. All Rights Reserved.