ഇനി സിനിമാക്കാരുടെ കൂട്ട സന്ദര്‍ശനം നടക്കില്ല; ദിലീപിനെ കാണുന്നതിന് വിലക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിനെ കാണാന്‍ ജയിലിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയതാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. കുടുംബാംഗങ്ങള്‍ക്കും പ്രമുഖര്‍ക്കും മാത്രമേ ഇനി ദിലീപിനെ കാണാന്‍ സാധിക്കൂ.
സിനിമാരംഗത്തെ നടന്മാരും സംവിധായകരും പിന്നണി പ്രവര്‍ത്തകരുമടങ്ങുന്നവര്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരാണ് ഉത്രാടനാളില്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.

ഇടതുപക്ഷ എംഎല്‍എയായ ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിനിമാ മേഖലയിലുളള മറ്റ് താരങ്ങള്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം ദിലീപിനെ മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ കെ.ബി ഗണേഷ് കുമാര്‍ എത്തുന്നതിന് മുന്‍പ് തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ കലാഭവന്‍ ഷാജോണ്‍ ജയിലില്‍ എത്തിയിരുന്നു.
പത്തുമിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്‍ശനത്തിന് ശേഷം മറ്റു താരങ്ങളൊന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. ദിലീപിന്റെ മൂന്നാമത് ജാമ്യാപേക്ഷയും തളളിയതോടെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസം സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷായും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
ജയിലിലില്‍ എത്തിയവര്‍ നിയമവിരുദ്ധമായി പെരുമാറിയെന്നും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. പരാതിയും പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

© 2024 Live Kerala News. All Rights Reserved.