‘ഞാന്‍ മരിച്ചില്ലെങ്കില്‍ അമ്മയും അച്ഛനും അപകടത്തിലാകും’; ബ്ലൂവെയില്‍ ആത്മഹത്യയില്‍ നിന്ന് രക്ഷപെടുത്തിയ പെണ്‍കുട്ടി വീണ്ടും ജീവനൊടുക്കാന്‍ ശ്രമിച്ചു

ജോധ്പൂരില്‍ ബ്ലൂവെയില്‍ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടി രണ്ടാമതും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്ക ഗുളിക കഴിച്ചാണ് വീട്ടുകാരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടി വീണ്ടും ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
താന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ അച്ഛനും അമ്മയും അപകടപ്പെടുമെന്ന് ഭയന്നാണ് രണ്ടാം തവണയും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ബ്ലൂവെയില്‍ ഗെയിം കളിച്ചതിന് ശേഷം വിഷാദ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയ്ക്ക് കൗണ്‍സിലിങ്ങ് നടത്തി വരികയായിരുന്നു. തിങ്കളാഴ്ച്ച തടാകത്തില്‍ ചാടിയാണ് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കൈയ്യില്‍ തിമിംഗലത്തിന്റെ ചിത്രം കണ്ടതാണ് ആത്മഹത്യ ശ്രമത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന് സംശയിക്കാനിടയായത്. മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ ശേഷമായിരുന്നു ആദ്യ തവണ ആത്മഹത്യ ശ്രമം.