മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ ഹൈക്കോടതിയില്‍; ‘തെറ്റായ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് സമ്മര്‍ദ്ദം’

നടി അക്രമിക്കപ്പെട്ട കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങവെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ ഹൈക്കോടതിയില്‍. പ്രോസിക്യൂഷന് അനുകൂലമാവുന്ന തരത്തില്‍ തെറ്റായ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

“പൊലീസിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദം നേരിടാന്‍ കഴിയുന്നില്ല. പ്രോസിക്യൂഷന് അനുകൂലമാകുന്ന തരത്തില്‍ തെറ്റായ മൊഴി രേഖപ്പെടുത്താന്‍നാണ് പൊലീസ് ശ്രമം. നേരത്തേ നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനായി. മണിക്കൂറുകളോളം എന്നെ ചോദ്യം ചെയ്തു. അപ്പോഴെല്ലാം ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തുന്നു. എനിക്കറിയാവുന്നതെല്ലാം നേരത്തേ പൊലീസിനോട് പറഞ്ഞിട്ടുള്ളതാണ്.”
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ

കൃത്യത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പിന്നീട് നടന്ന തുടര്‍സംഭവങ്ങളെക്കുറിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തേ ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ പലതും കളവാണെന്നും പൊലീസ് കരുതുന്നു. ഇതേത്തുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നിലവില്‍ നാദിര്‍ഷ.
കേസന്വേഷണം അവസാനഘട്ടത്തിലായ സാഹചര്യത്തില്‍ നാദിര്‍ഷയെ ഇന്നലെ ചോദ്യംചെയ്യാനായിരുന്നു പൊലീസ് തീരുമാനം. ഇതിനായി അന്വേഷണോദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉച്ചയോടെ നാദിര്‍ഷ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. നെഞ്ചുവേദനയെന്നാണ് കാരണം പറഞ്ഞിരിക്കുന്നത്. നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം രേഖപ്പെടുത്തുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്ന സാഹചര്യത്തില്‍ നാദിര്‍ഷ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനില്‍നിന്ന് നിയമോപദേശം തേടിയിട്ടുമുണ്ട്. അതേസമയം നാദിര്‍ഷയെ ഉടനടി കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കാനോ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനോ ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭ്യമായിട്ടില്ലെന്നും അറിയുന്നു. എന്തായാലും ആശുപത്രി വിടുന്ന മുറയ്ക്ക് ചോദ്യംചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

© 2024 Live Kerala News. All Rights Reserved.