ബെംഗളുരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ഹിന്ദുത്വ രാഷ്രീയത്തിന്റെ കടുത്ത വിമര്‍ശക

ബെംഗളുരു: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് (55) വെടിയേറ്റുമരിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്.
വീടിന് മുന്നിലെ പോര്‍ച്ചില്‍ ഗൗരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ തിരികെയെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകള്‍ ഗൗരിയുടെ ദേഹത്ത് കയറിയെന്ന് ഒരെണ്ണം നെറ്റിയില്‍ തറച്ചെന്നും ബെംഗളുരു പൊലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍ പറഞ്ഞു.

“ആകെ ഏഴ് വട്ടമാണ് വെടിയുതിര്‍ത്തത്. അതില്‍ നാല് വെടിയുണ്ടകള്‍ ഉന്നം തെറ്റി വീടിന്റെ ഭിത്തിയില്‍ തറച്ചു. മൂന്നെണ്ണം അവരുടെ ദേഹത്ത് കൊണ്ടു്. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിത്തടത്തിലും.”
ബെംഗളുരു പൊലീസ് കമ്മീഷണര്‍

സംഭവസ്ഥലത്ത് നിന്ന് നാല് തിരകള്‍ പൊലീസ് കണ്ടെടുത്തു. ഗൗരിയുടെ ഭൗതികശരീരം വിക്ടോറിയ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തേക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്ന് അന്വേഷണസംഘത്തെ നിയോഗിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. കുറ്റവാളികളെ പിടികൂടും. ഡിജിപിയും പൊലീസ് കമ്മീഷണറുമായും ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
2005ല്‍ ആരംഭിച്ച ‘ഗൗരി ലങ്കേഷ് പത്രിക’ എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു ഗൗരി. ലങ്കേഷ് പത്രിക ആരംഭിച്ച പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ പി ലങ്കേഷാണ് ഗൗരിയുടെ അച്ഛന്‍. ആഴ്ച്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡില്‍ പരസ്യങ്ങള്‍ എടുത്തിരുന്നില്ല. 50 പേര്‍ ചേര്‍ന്നാണ് ‘ജിഎല്‍പി’ മുന്നോട്ട് കൊണ്ടുപോയ്ക്കൊണ്ടിരുന്നത്. തന്റെ രചനകളിലൂടെ വര്‍ഗീയ നിറഞ്ഞ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വലതുപക്ഷത്തിനെതിരെയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയ്ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷാവിധി. അന്ന് തന്നെ ഗൗരി ജാമ്യം നേടി. 2008ല്‍ സ്വര്‍ണവ്യാപാരിയില്‍ നിന്നും മൂന്ന് ബിജെപി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയാണ് കേസിന് കാരണമായത്. എന്നാല്‍ മറ്റ് പത്രങ്ങള്‍ ഇതേ വാര്‍ത്ത നല്‍കിയിട്ടും ജിഎല്‍പിയെ ലക്ഷ്യമിടാന്‍ കാരണം തന്റെ രാഷ്ട്രീയ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി ഗൗരി രംഗത്തെത്തിയിരുന്നു.
ഗൗരിയുടെ കൊലപാതകത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.
ധീരയായ മാധ്യമ-സന്നദ്ധപ്രവര്‍ത്തക ഗൗരി ബെംഗളുരുവില്‍ വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണം.
പിണറായി വിജയന്‍

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖ പണ്ഡിതനും ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന എംഎം കല്‍ബുര്‍ഗി (77) കര്‍ണാടക ധര്‍വാഡയിലുള്ള വീട്ടില്‍ വെച്ച് വെടിയേറ്റ് മരിച്ചിരുന്നു. കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

© 2024 Live Kerala News. All Rights Reserved.