ബിജെപിയുടെ തട്ടകത്തിൽ ചരിത്രം കുറിച്ച് എസ്എഫ്ഐ; രാജസ്ഥാനിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം

രാജസ്ഥാന്‍ സര്‍വകലാശാലയ്ക്ക് കീഴിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം നേട്ടം കുറിച്ച് എസ്എഫ്ഐ. സംഘപരിവാറിന്റെ കോട്ടകളിലടക്കം മികച്ച വിജയം നേടിയ എസ്എഫ്ഐ 21 കോളെജുകളുടെ ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ വർഷം നാല് കോളെജുകളിൽ മാത്രമാണ് സംഘടന അധികാരത്തിലെത്തിയ ഇടത്താണ് എസ്എഫ്ഐയുടെ ഈ നേട്ടമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വിപി സാനു സൗത്തലൈവിനോട് പറഞ്ഞു.
വോട്ടെണ്ണലിന്റെ തുടക്കം മുതലേ ആധിപത്യമുറപ്പിച്ചുള്ള എസ്എഫ്ഐയുടെ വിജയം എബിവിപി ക്യാമ്പുകൾക്ക് കനത്ത പ്രഹരമാണ്. ഹനുമംഗര്‍ ജില്ലയിലെ നെഹ്‌റു മെമ്മോറിയല്‍ പോസ്റ്റ് കോളേജില്‍ എസ്എഫ്ഐ പ്രസിഡന്റായി മഹേന്ദ്രകുമാര്‍ ശര്‍മയാണ് വിജയിച്ചത്.
എസ്എഫ്ഐയുടെ നേട്ടത്തിനായി പ്രയത്നിച്ച എല്ലാ പ്രവർത്തകർക്കും അഭിവാദ്യം അര്‍പ്പിക്കുന്നതായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും അറിയിച്ചു.

ഉത്തരേന്ത്യയിലെ എസ്എഫ്ഐയുടെ ആദ്യ ദേശീയ സമ്മേളനം നടന്നത് രാജസ്ഥാനിലെ സിക്കാറിലായിരുന്നു. ആ കാലയളവില്‍ സംഘടനക്കും സംഘടനയിലെ പ്രവര്‍ത്തകര്‍ക്കും നേരെ സംഘപരിവാറുകാരുടെ വലിയ രീതിയിലുള്ള ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.