തിരിച്ചെത്തിയ കളളപ്പണം എത്രയെന്ന് അറിയില്ലെന്ന് ആര്‍ബിഐ; വീണ്ടും നോട്ട് നിരോധനമുണ്ടാകുമോ എന്നറിയില്ലെന്നും മറുപടി

നോട്ട് നിരോധനത്തിലൂടെ പിടിച്ചെടുത്ത കള്ളപ്പണം എത്രയാണെന്നതിനും കണക്കില്ലെന്ന് റിസര്‍വ് ബാങ്ക്. പാര്‍ലമെന്ററി സമിതിയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് റിസര്‍വ് ബാങ്കിന്റെ കൈമലര്‍ത്തല്‍. തിരിച്ചെത്തിയവയില്‍ 500,1000 രൂപ നോട്ടുകളായി സൂക്ഷിച്ചിരുന്ന കള്ളപ്പണത്തിന്റെയോ, വ്യക്തമായ രേഖകളിലാതെ സൂക്ഷിച്ചിരുന്ന പണത്തിന്റെയോ കൃത്യമായ കണക്കില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് തുറന്ന് സമ്മതിച്ചിരിക്കുന്നത്.
15.28 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകളാണ് ഇതുവരെ റിസര്‍വ്വ് ബാങ്കില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ ആധികാരികതയും ഉറവിടവും സംബന്ധിച്ച സൂക്ഷ്മ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനം കൃത്യമായ ഇടവേളകളില്‍ നടപ്പാക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതിയെ പറ്റി അറിയില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടി.
ബാങ്കുകള്‍ മുഖേനയും പോസ്റ്റ് ഓഫീസുകള്‍ മുഖേനയും സ്വീകരിച്ച 500, 1,000 നോട്ടുകളില്‍ ഒരു ഭാഗം ഇപ്പോഴും കറന്‍സി ചെസ്റ്റുകളില്‍തന്നെയാണുള്ളത്. ഈ പണം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. വലിയ അളവില്‍ നോട്ട് തിരിച്ചെത്തിയതിനാല്‍ ഇനിയും പരിശോധനകള്‍ക്കായി സമയമെടുക്കും. ഇരട്ടി സമയം ജോലിയെടുത്താണ് ആര്‍ബിഐ ജീവനക്കാര്‍ ഈ പരിശോധന നടത്തുന്നത്.