5000 രൂപ തരാം, നദി ഉത്സവം നടക്കുന്ന വഴിക്ക് വരരുത്; യാചകരോട് ആന്ധ്ര സര്‍ക്കാര്‍

 

രാജമുന്‍ഡ്രി: ഉല്‍സവ പ്രദേശത്ത് നിന്നും യാചകരെ അകറ്റാന്‍ പുത്തന്‍ തന്ത്രവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്ത്. യാചകര്‍ ഓരോരുത്തര്‍ക്കും 5000 രൂപ വീതം നല്‍കാമെന്നും നദിയുല്‍സവം നടക്കുമ്പോള്‍ ഉല്‍സവ പ്രദേശത്തു വന്നു ശല്യമുണ്ടാക്കരുതെന്നുമാണ് യാചകരോടുള്ള ആന്ധ്രാ സര്‍ക്കാരിന്റെ യാചന. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഗോദാവരി പുഷ്‌കരലു എന്ന നദിയുല്‍സവത്തില്‍നിന്ന് വിട്ടു നില്‍ക്കുന്നതിനാണ് യാചകര്‍ക്കായി ആന്ധ്രാ സര്‍ക്കാര്‍ ഈ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റ നിബന്ധനയേയുള്ളൂ, ജൂലൈ 25 വരെ ഉല്‍സവം നടക്കുന്ന പ്രദേശത്ത് വരാന്‍ പാടില്ല.

ഉല്‍സവം ആരംഭിച്ച ജൂലൈ 14 മുതല്‍ ഇതുവരെ ആയിരത്തിലധികം യാചകര്‍ ഉല്‍സവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരുടെ ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പണം കൊടുത്ത് ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ഉല്‍സവ സ്ഥലത്ത് വരാതിരിക്കാനായി യാചകര്‍ക്ക് 5,000 രൂപ വീതം നല്‍കുന്നതറിഞ്ഞ് യാചകരല്ലാത്തവരും നഷ്ടപരിഹാരത്തിനായി എത്തിയതോടെ കെണിയിലായിരിക്കുകയാണ് ഉല്‍സവ കമ്മിറ്റിക്കാര്‍. അതോടെ, റേഷന്‍ കാര്‍ഡില്ലാത്തവരും ക്ഷേമനിധികളില്‍ അംഗത്വമില്ലാത്തവരുമായിട്ടുള്ള യാചകര്‍ക്കുമാത്രമെ സഹായധനം ലഭിക്കുവെന്നാക്കി നിബന്ധന തിരുത്തി. എന്നിട്ടും, റേഷന്‍ കാര്‍ഡുള്ളവരും യാചകരല്ലാത്തവരുംപോലും സൗജന്യമായി ലഭിക്കുന്ന 5000 രൂപയ്ക്കായി ക്യൂ നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഉല്‍സവസ്ഥലത്തു നിന്നും യാചകരെ അകറ്റുന്നതിനുള്ള ഈ ആശയത്തിന്റെ ഉടമ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണത്രെ. വിശിഷ്ടാവസരങ്ങളില്‍ യാചകരെ പണം കൊടുത്ത് ഒഴിപ്പിക്കുന്ന ആശയം നായിഡുവിന്റെ തലയില്‍ അടുത്തിടെ വിരിഞ്ഞതൊന്നുമല്ല. 2000ല്‍ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഹൈദരാബാദ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി നഗരത്തിലെ യാചകരെ മുഴുവന്‍ പണം കൊടുത്ത് അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിരുന്നത്രെ.

© 2024 Live Kerala News. All Rights Reserved.