കണ്ണൂരില്‍ പൊലീസ് വിട്ടയച്ച യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച് ക്രൂരത; ആക്രമണം ഉത്രാടനാളില്‍ ജനക്കൂട്ടം നോക്കി നില്‍ക്കെ; നിലവിളിച്ചിട്ടും ആരുമെത്തിയില്ല

കണ്ണൂരില്‍ ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്ത യുവാവിനെയാണ് രണ്ടംഗ സംഘം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ചത്. തളിപ്പറമ്പിലെ ഒരു കടയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പിന്നീട് കുറ്റക്കാരനല്ലെന്ന് മനസിലായതോടെ വിട്ടയച്ചതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. തുടര്‍ന്നാണ് രണ്ടംഗ സംഘം യുവാവിനെ പിടികൂടുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വയറ്റത്തിട്ട് ചവിട്ടാണ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഇവര്‍ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്.

യുവാവ് അലറിക്കരഞ്ഞുകൊണ്ട് താന്‍ കുറ്റക്കാരനല്ലെന്നും സ്റ്റേഷനില്‍ പോയി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും കരച്ചിലിനിടെയും പറയുന്നുണ്ട്. ഇത് വകവെക്കാതെയാണ് രണ്ടംഗ സംഘം വലിച്ചിഴക്കുന്നത്. യുവാവിനെ വലിച്ചിഴച്ച് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും മര്‍ദനമേറ്റ യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.