ഫൈസല്‍ വധക്കേസിലെ പ്രതിയുടെ കൊലപാതകം: അവസാന വട്ട ഗൂഢാലോചന നരിപ്പറമ്പില്‍?; പ്രതികള്‍ തിരൂര്‍ പൊന്നാനി താലൂക്കിലുളളവരെന്ന് പൊലീസ്

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ കേസിലെ രണ്ടാം പ്രതി ബിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ ഗൂഢാലോചന നടന്നത് നരിപ്പറമ്പിലെന്ന് സൂചന. ബിബിനെ കൊലപ്പെടുത്തുന്നതിന്റെ തലേന്നായിരുന്നു അവസാനവട്ടം ഗൂഢാലോചന നടത്തിയതെന്നും അറസ്റ്റിലായ പെരുന്തല്ലൂര്‍ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍, പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍ എന്നിവര്‍ മൊഴി നല്‍കിയതായാണ് വിവരം.
ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.തിരൂര്‍, പൊന്നാനി താലൂക്കിലുളളവരാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നരിപ്പറമ്പില്‍ നടന്ന യോഗത്തില്‍ കൊലപാതകത്തില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരും പങ്കെടുത്തിരുന്നു. ബിബിന്റെ യാത്രാവിവരങ്ങും യാത്രാ രീതികളും നേരത്തെ തന്നെ ശേഖരിച്ചിരുന്നതായിട്ടാണ് അറിയുന്നത്. വ്യത്യസ്ത്യ കേന്ദ്രങ്ങളില്‍ ഒത്തുകൂടിയുളള ആസൂത്രണത്തിന് ശേഷമാണ് അവസാനവട്ടം ഇവര്‍ നരിപ്പറമ്പില്‍ എത്തുന്നതും.

ദൃക്സാക്ഷികളില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച സൂചനകളെ തുടര്‍ന്നാണ് പ്രതികളെന്ന് കരുതുന്നവരെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ബിബിന്‍ ജാമ്യത്തിലിറങ്ങുന്നതിന് മുന്‍പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇസ്ലാംമതം സ്വീകരിച്ചതിനെ തുടര്‍ന്നാണ് കൊടിഞ്ഞി ഫൈസലിനെ സംഘപരിവാറുകാര്‍ കൊലപ്പെടുത്തിയത്.
2016 നവംബറില്‍ കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെടുന്നതിന് എട്ടു മാസം മുമ്പാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം നവംബര്‍ 19 ശനിയാഴ്ച്ച പുലര്‍ച്ചെ നാലിനാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം.

© 2024 Live Kerala News. All Rights Reserved.