ജാമ്യം തേടി ദിലീപ് മൂന്നാംതവണയും ഹൈക്കോടതിയിലേക്ക്; ഓണത്തിനുശേഷം ജാമ്യഹര്‍ജി നല്‍കും

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ഓണത്തിന് ശേഷം ദിലീപ് വീണ്ടും ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് വിവരങ്ങള്‍. നേരത്തെ ഹൈക്കോടതി രണ്ടുതവണയും സെഷന്‍സ് കോടതി ഒരു തവണയും ജാമ്യാപേക്ഷ തളളിയിരുന്നു. 56 ദിവസമായി ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഇന്നലെ ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ആലുവ സബ്ജയിലില്‍ എത്തിയിരുന്നു.
ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ദിലീപിനായി ആദ്യം ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറിനെ മാറ്റിയാണ് ഹൈക്കോടതിയില്‍ രണ്ടാംതവണ ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ബി. രാമന്‍പിളള ആയിരുന്നു രണ്ടാംതവണ ദിലീപിനായി ഹാജരായത്. അച്ഛന്റെ ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.