‘ടൂറിസം വികസനത്തിന് മദ്യം വേണോയെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കണം’; കേരളടൂറിസത്തിന് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി: ടൂറിസം വികത്തിന് മദ്യം വേണോയെന്ന് സംസ്ഥാനസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര ഐടി-ടൂറിസം വകുപ്പ് അല്‍ഫോണ്‍സ് കണ്ണന്താനം.
കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേകപ്രാധാന്യം നല്‍കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം.

“രാജ്യത്തിന് വളരെ ഗുണകരമായ വകുപ്പാണ് ടൂറിസം. ഇന്ത്യയെന്ന് പറയുന്നത് 5000 വര്‍ഷം പഴക്കമുള്ള സംസ്‌കാരമാണ്. ഇത്രയും വലിയ സംസ്‌കാരം വേറെ ഏതു രാജ്യത്തിനാണുള്ളത്? അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും.”
അല്‍ഫോണ്‍സ് കണ്ണന്താനം

ഓരോ നാട്ടിലും ജനങ്ങള്‍ തീരുമാനിക്കണം ആ സംസ്ഥാനത്തെ എങ്ങനെ ഭരിക്കണമെന്ന്. പൊതു അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ട് എങ്ങനെ ആളുകളെ കൊണ്ടുവരണം, ടൂറിസം വികസിപ്പിക്കണമെന്ന് തീരുമാനിക്കണം.
ഐടി മേഖലയില്‍ നമ്മള്‍ ഇന്ന് ചെയ്യുന്നത് കൂലിപ്പണിയാണ്. ഐടി മേഖലയെ ചിന്തിക്കുന്ന ഒരു തലത്തിലേക്ക് ഉയര്‍ത്തണം. അടിമകളെപ്പോലെയാണ് ഐടി മേഖലയിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നത്. രാജ്യത്തെ ഐടി തൊഴില്‍ സാഹചര്യത്തില്‍ മാറ്റമുണ്ടാക്കും.
മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ വലിയ അംഗീകാരമാണ്. കേരളത്തിന്റെ വക്താവായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കും. സംസ്ഥാന ബിജെപി ഘടകത്തിലെ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.