അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഐടി- ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നരേന്ദ്ര മോഡി മന്ത്രിസഭയില്‍ ഐടി- ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല. ക്യാബിനെറ്റ് പദവിയുള്ള നാല് മന്ത്രിമാര്‍ക്കൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ബിജെപി നേതൃത്വത്തിലെ തലമുതിര്‍ന്ന നേതാക്കളെ വെട്ടിയാണ് മോഡി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചത്. കോഴ വിവാദത്തില്‍ കുടുങ്ങി രാഷ്ട്രീയമായി തിരിച്ചടികളേറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് ഡല്‍ഹിയില്‍ നിന്ന് കിട്ടിയ തിരിച്ചടി കൂടിയാണ് സംസ്ഥാന നേതൃത്വം പോലുമറിയാതെയുളള അല്‍ഫോണ്‍സിന്റെ കേന്ദ്ര സഹമന്ത്രി പദം.
ഐടി- ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ് കണ്ണന്താനത്തിന് മോഡി മന്ത്രിസഭയില്‍ കിട്ടിയത്. മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേതായിരുന്നു. പിന്നാലെ വി. മുരളീധരന്റെയും എല്ലാത്തവണത്തെ പോലെയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെയും പേരുകളും സജീവമായി പറഞ്ഞുകേട്ടു. എന്നാല്‍ അവസാനം സംഭവിച്ചതാകട്ടെ വിഭാഗീയതയിലും അഴിമതി വിവാദങ്ങളിലും മുങ്ങിക്കുളിഞ്ഞ സംസ്ഥാന ബിജെപി നേതൃത്വത്തിനുളള താക്കീതെന്നവണ്ണം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ ഒരു ബിജെപി നേതാവിനെ പോലും പരിഗണിക്കാതെ കണ്ണന്താനത്തിന് അവസരം നല്‍കി.

© 2024 Live Kerala News. All Rights Reserved.