പ്രതിരോധിക്കാന്‍ വനിത, നിര്‍മ്മല സീതാരാമനെ പ്രതിരോധ മന്ത്രിയാക്കി മോഡിയുടെ അപ്രതീക്ഷിത നീക്കം, പീയൂഷിന് റെയില്‍വെ

ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിത മന്ത്രിയായി നിര്‍മ്മല സീതാരാമന്‍. കേന്ദ്രമന്ത്രിസഭാ പുനസംഘടനയിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത നീക്കമാണ് പ്രതിരോധ മന്ത്രികസേരയിലേക്കുള്ള നിര്‍മ്മല സീതാരാമന്റെ പ്രവേശനം. മറ്റ് മന്ത്രിമാരെ വെച്ച് നോക്കുമ്പോള്‍ താരതമ്യേനെ ജൂനിയറായ ആന്ധ്രപ്രദേശില്‍ നിന്നുള്ള എംപി നിര്‍ണായക വകുപ്പിന്റെ സ്വതന്ത്ര ചുമതലയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ദിര ഗാന്ധിക്ക് ശേഷം പ്രതിരോധമന്ത്രി കസേരയിലേക്കെത്തുന്ന ആദ്യ വനിതയാണ് നിര്‍മ്മല സീതാരാമന്‍. പ്രധാനമന്ത്രിയായിരിക്കയാണ് ഇന്ദിരാ ഗാന്ധി പ്രതിരോധവകുപ്പ് കൈകാര്യം ചെയ്തത്.
ഊര്‍ജ്ജമന്ത്രിയായിരുന്ന പീയുഷ് ഗോയലിനെ റെയില്‍വെ മന്ത്രിയാക്കാനാണ് അമിത് ഷാ- മോഡി കൂട്ടുകെട്ടിന്റെ തീരുമാവം. റെയില്‍വെ മന്ത്രിയായിരുന്ന സുരേഷ് പ്രഭു നിര്‍മ്മല സീതാരാമന്‍ കൈകാര്യം ചെയ്തിരുന്ന വാണിജ്യവകുപ്പിന്റെ മന്ത്രിയാകും.
ഉമാഭാരതിയുടെ വകുപ്പുകളായിരുന്ന ജലവിഭവവും, ഗംഗാ ശുചീകരണവും നിതിന്‍ ഗഡ്കരിക്ക് ലഭിച്ചു. ഉമാ ഭാരതി കുടിവെള്ളം, ശുചീകരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. നേരത്തെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് അവര്‍ കൈകാര്യം ചെയ്യുന്ന പെട്രോളിയം,ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായി തുടരാം.

ഹർദീപ് സിങ് പുരിക്ക് നഗരകാര്യം, ഭവന നിർമ്മാണവും രാജ് കുമാർ സിങിന് ഊർജം, ന്യൂ ആൻഡ് റിന്യൂവബിൾ എനർജി എന്നീ വകുപ്പുകളുമാണ് കിട്ടിയത്. സഹമന്ത്രിമാരായ ശിവ പ്രതാപ് ശുക്ളയ്ക്ക് ധനകാര്യം, ഡോ. വീരേന്ദ്ര കുമാറിന് വനിതാ- ശിശു ക്ഷേമം, ന്യൂനപക്ഷകാര്യം എന്നിവയും അനന്ത കുമാർ ഹെഗ്ഡേയ്ക്ക് നൈപുണ്യ വികസനം, എൻറർ പ്രണർഷിപ്പ് എന്നീ വകുപ്പുകളുമാണ് ലഭിച്ചത്. അശ്വിനികുമാർ ചൗബേ ആരോഗ്യം, കുടുംബക്ഷേമം വകുപ്പുകളിലെ സഹമന്ത്രിയാകും. ഗജേന്ദ്രസിങ് ഷെഖാവത്തിന് കൃഷി, കർഷക ക്ഷേമം, ഡോ. സത്യപാൽ സിങിന് മാനവശേഷി വികസനം, ജലവിഭവം, നദീ വികസനം എന്നീ വകുപ്പുകളും ലഭിച്ചു.

© 2024 Live Kerala News. All Rights Reserved.