പൊലീസിന്റെ തടസവാദം തള്ളി; അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി കോടതിയുടെ അനുമതി

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് ഇളവ് നല്‍വ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. പൊലീസിന്റെ തടസവാദം തള്ളിയാണ് ബലിതര്‍പ്പണത്തിന് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ബുധനാഴ്ച ആലുവയിലെ വീട്ടിലും മണപ്പുറത്തുമായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാം. ജയിലില്‍ നിന്ന് വീട്ടിലെത്താനും ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് അനുമതി.
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുമതി ചോദിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് നല്‍കിയ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധ ദിവസമായ ഈ മാസം ആറാം തിയ്യതി ബലിയിടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്തില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തത്.
കഴിഞ്ഞ വര്‍ഷം ശ്രാദ്ധ ദിവസത്തില്‍ ദിലീപ് തൃശൂരിലായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപിന്റെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷ എതിര്‍ത്തതും ദിലീപ് തൃശൂരിലായിരുന്നെന്ന് സമര്‍ത്ഥിച്ചതും.

അറസ്റ്റിലായി 54 ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങാന്‍ ദിലീപിന് അവസരം കിട്ടുന്നത്. ജൂലൈ 10ന് ആണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രാദ്ധ അപേക്ഷ പരിഗണിക്കും മുമ്പ് തന്നെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടിയിരുന്നു. ഈ മാസം പതിനാറ് വരെ പതിനാല് ദിവസത്തേക്കാണ് ദിലീപിന്റെ റിമാന്‍ഡ് നീട്ടിയത്. നടിയെ ആക്രമിച്ച കേസില്‍ മൂന്നു തവണ കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുമാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്.
പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രഥമദൃഷ്ട്യാ അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ച അഡ്വ. രാംകുമാറിനെ മാറ്റി മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള വഴിയാണ് ഇത്തവണ ഹൈക്കോടതിയെ ദിലീപ് സമീപിച്ചത്. എന്നാല്‍ ഗുരുതരമായ പരാമര്‍ശങ്ങളോടെ ദിലീപിന്റെ ജാമ്യഹര്‍ജി നേരത്തെ തളളിയ ജസ്റ്റിസ് സുനില്‍ തോമസ് പിന്നെയും ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.