ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. ഈ മാസം പതിനാറ് വരെ പതിനാല് ദിവസത്തേക്കാണ് ദിലീപിന്റെ റിമാന്‍ഡ് നീട്ടിയത്. അതിനിടെ അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള ദിലീപിന്റെ അപേക്ഷ കോടതി ഇന്ന തന്നെ പരിഗണിക്കും. ഈ മാസം ആറിന് ബലിയിടാന്‍ അനുമതി നല്‍കണമെന്നാണ് ദിലീപ് അപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ മൂന്നു തവണ കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുമാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്.
പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രഥമദൃഷ്ട്യാ അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ച അഡ്വ. രാംകുമാറിനെ മാറ്റി മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള വഴിയാണ് ഇത്തവണ ഹൈക്കോടതിയെ ദിലീപ് സമീപിച്ചത്. എന്നാല്‍ ഗുരുതരമായ പരാമര്‍ശങ്ങളോടെ ദിലീപിന്റെ ജാമ്യഹര്‍ജി നേരത്തെ തളളിയ ജസ്റ്റിസ് സുനില്‍ തോമസ് ഇത്തവണയും ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപ് മൂന്നുതവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.