താങ്കളാണോ മാഡം, ചോദ്യത്തോട് പ്രതികരിക്കാതെ കാവ്യാ മാധവന്‍

ആലുവാ സബ് ജയിലില്‍ ദിലീപിനെ കണ്ട് മടങ്ങിയ കാവ്യാ മാധവനോട് മാധ്യമങ്ങളുടെ ചോദ്യം. കാവ്യയാണോ പള്‍സര്‍ സുനി പറഞ്ഞ മാഡം? എന്നാല്‍ ഈ ചോദ്യത്തോട് പ്രതികരിക്കാന്‍ കാവ്യ തയ്യാറായില്ല. ചോദ്യങ്ങളോട് തൊഴുകയ്യോടെ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു കാവ്യ. അച്ഛന്‍ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിക്കും ഒപ്പമാണ് കാവ്യാ മാധവന്‍ ജയിലില്‍ ദിലീപിനെ കാണാനെത്തിയത്.
നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന ആസൂത്രണം നിര്‍വഹിച്ചത് മാഡം ആണെന്ന് പള്‍സര്‍ സുനി ദിലീപിന്റെ അറസ്റ്റിന് മുമ്പ് പറഞ്ഞിരുന്നു. പിന്നീട് ദിലീപ് അറസ്റ്റിലായപ്പോഴും മാഡം ആരാണെന്ന് വെളിപ്പെടുത്താന്‍ പള്‍സര്‍ സുനി തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ക്വട്ടേഷന്‍ നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച മാഡം കാവ്യാ മാധവന്‍ ആണെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞത്.

നാല് പത്തോടെയാണ് കാവ്യാ മാധവനും അച്ഛന്‍ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ജയിലില്‍ എത്തിയത്. ജയിലിനകത്ത് 25 മിനുട്ടോളം ദിലീപുമായുള്ള കൂടിക്കാഴ്ച നീണ്ടു. സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കാന്‍ കാവ്യയോ അച്ഛന്‍ മാധവനോ തയ്യാറായില്ല. 50 ദിവസത്തിലേറെയായി ദിലീപ് ആലുവാ സബ് ജയിലില്‍ ആണ്. അറസ്റ്റിലായതിന് ശേഷം സഹോദരന്‍ അനൂപും അമ്മയും ദിലീപിനെ കാണാന്‍ എത്തിയിരുന്നുവെങ്കിലും കാവ്യ എത്തുന്നത് ഇതാദ്യമാണ്. ഇതിന് പിന്നാലെ നടനും സംവിധായകനുമായ നാദിര്‍ഷയും നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയും ദിലീപിനെ സന്ദര്‍ശിച്ചു.

© 2024 Live Kerala News. All Rights Reserved.