‘എന്റെ നിറം കാവിയല്ല’; പിണറായി വിജയനെ കണ്ടതിനുശേഷം രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് ശേഷമാണ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്തെന്ന് സംബന്ധിച്ച സൂചന നല്‍കിയത്. ഇടതുപക്ഷവുമായി സഹകരിക്കുമോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ചില സൂചനകള്‍ നല്‍കുക മാത്രമാണ് കമലഹാസന്‍ ചെയ്തത്.
‘നാല്പത് വര്‍ഷമായി സിനിമയില്‍ ഉണ്ട്. അതില്‍നിന്നുള്‍പ്പെടെ എന്റെ രാഷ്ട്രീയ നിറം എന്തെന്നത് വ്യക്തമാണ്. അത് തീര്‍ച്ചയായും കാവിയല്ല.’ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏതെങ്കിലും ഒരു പക്ഷത്തെക്ക് ചായതെ മധ്യപക്ഷത്ത് നിലയുറപ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ രാഷട്രീയ നേതാക്കളെ സന്ദര്‍ശിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ഇന്ന് രാവിലെയോടെയാണ് കമല്‍ഹാസന്‍ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ഭാര്യ കമലയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കഴിഞ്ഞ കുറച്ചുമാസമായി തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കമല്‍ഹാസന്‍ നടത്തിയത്. രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ രജനീ കാന്തും നല്‍കിയിരുന്നു
കമല്‍ഹാസനായി ഓണസദ്യയും ക്ലിഫ് ഹൗസില്‍ ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാനാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും കേരളത്തിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയെന്ന് കമലഹാസന്‍ സ്ഥിരീകരിച്ചു.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് എത്തണം എന്ന് ആഗ്രഹിച്ചിരുന്നതായും തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് അതെന്നും കമല്‍ പറഞ്ഞു. ഗ്രേറ്റ് സര്‍ക്കാര്‍ എന്നാണ് കമല്‍ഹാസന്‍ പിണറായി സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. കേരളത്തിലേക്കുള്ള ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്നും മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി തങ്കവേലില്‍ നടന്ന ഒരു വിവാഹസത്കാര വേദിയില്‍ വെച്ച് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയതയായി ആരാധകരോടായി കമല്‍ഹാസന്റെ പ്രഖ്യാപിച്ചിരുന്നു.ഇത് വെറും വിവാഹചടങ്ങ് മാത്രമല്ല, ഉദ്ഘാടന ചടങ്ങ് കൂടിയാണ് എന്ന് പറഞ്ഞുക്കൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശനം തുടങ്ങിയതായുള്ള പരോക്ഷ പ്രഖ്യാപനം. എവിടെ നിന്നെങ്കിലും രാഷ്ട്രീയ യാത്ര തുടങ്ങണം. കോയമ്പത്തൂരില്‍ നിന്നായായും ട്വിറ്ററില്‍ നിന്നായാലും അത് തുടങ്ങണമെന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.

തമിഴ്‌നാട് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് തുടരണമെന്നും ആരാധകരോട് കമല്‍ഹാസന്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള സമയമാണിത്. മാറ്റങ്ങള്‍ക്കായുള്ള പോരാട്ടം തുടരണം. മുന്നില്‍ നിന്ന് നയിക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് എന്റെ നേതൃത്വം സ്വീകരിക്കാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടോ എന്നായിരുന്നു ഉലകനായകന്റെ മറുചോദ്യം.
ശരിയായ സമയത്ത് സെന്‍ ജോര്‍ജ് ഫോര്‍ട്ടിലേക്കുള്ള (നിയമസഭ സ്ഥിതിചെയ്യുന്ന സ്ഥലം)യാത്ര തുടങ്ങും. കവര്‍ച്ചക്കാരെ കൈക്കൂലിനല്‍കി വോട്ട് വാങ്ങി അധികാരത്തിലെത്താന്‍ അനുവദിച്ചു. അത് നിങ്ങള്‍ ചെയ്ത തെറ്റാണ്. അത് മാറ്റി മറിക്കണം കമല്‍ഹാസന്‍
കമല്‍ഹാസന്‍
തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അടുത്തിടെ കമല്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു. പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു. അഴിമതിയില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന് കാത്തിരിക്കാനായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്റെ ആഹ്വാനം.

© 2024 Live Kerala News. All Rights Reserved.