ഹരിയാനയിലെ ജാട്ട് സംവരണ നിയമം ഹെെക്കോടതി അംഗീകരിച്ചു; മാര്‍ച്ച് 31വരെ നടപ്പാക്കുന്നതിന് വിലക്ക്; വിഷയം പിന്നാക്ക വിഭാഗ കമ്മീഷന് വിട്ടു

ജാട്ടുകള്‍ക്ക് അനുവദിച്ച പത്ത് ശതമാനം സംവരണം പഞ്ചാബ്, ഹരിയാന ഹൈക്കോടതി അംഗീകരിച്ചു. ഹരിയാന റിസര്‍വേഷന്‍ ആക്ട് 2016 പ്രകാരം ജാട്ടുള്‍പ്പെടെ അഞ്ച് സമുദായത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചിരുന്നു. ഇതാണ് ഹെെക്കോടതി അംഗീകരിച്ചത് റിപ്പോര്‍ട്ട് വിദഗ്ധ പരിശോധനയ്ക്ക് കോടതി പിന്നാക്ക വിഭാഗ കമ്മീഷനു സമര്‍പ്പിച്ചു. കമ്മീഷന്‍ വിഷയം പഠിച്ചതിനു ശേഷമായിരിക്കും അനുവദിക്കേണ്ട ക്വോട്ട സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരിക.
2018 മാര്‍ച്ച് 31 വരെയാണ് സംവരണം സംബന്ധിച്ച വിശദാംശങ്ങള്‍ പഠിക്കാന്‍ പിന്നാക്ക വിഭാഗ കമ്മീഷന് കോടതി സമയം നല്‍കിയത് ഇതുവരെ സംവരണം നടപ്പിലാക്കുന്നതില്‍ വിലക്കുണ്ട്. നേരത്തെ വിദ്യാഭ്യാസത്തിനും ജോലിയ്ക്കുമുള്ള സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. കോടതി സംവരണം നിലനിര്‍ത്തിയില്ലെങ്കില്‍ നഗരം സ്തംഭിക്കുന്ന പ്രക്ഷോഭത്തിലേക്ക് ജാട്ട് വിഭാഗക്കാര്‍ നീങ്ങുമെന്ന് ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് ജനറല്‍ സെക്രട്ടറി അശോക് ബല്‍ഹാര പറഞ്ഞിരുന്നു.
ജാട്ടുകള്‍ക്ക് സംവരണം ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു. റോഹ്തക്കില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജാട്ട് സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തുക, ഇബിപി ക്വോട്ട 10 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

© 2024 Live Kerala News. All Rights Reserved.