‘കള്ളപ്പണ വേട്ട മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യം’; ആര്‍ബിഐ കണക്കുകള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയപ്പോള്‍ മലക്കം മറിഞ്ഞ് ജെയ്റ്റ്ലി

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന്റെ ഭാഗമായി നിരോധിച്ച 99 ശതമാനം നോട്ടുകളും തിരികെ എത്തിയെന്ന ആര്‍ബിഐ കണക്കുകള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയപ്പോള്‍ പുതിയ ന്യായീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണ വേട്ട മാത്രമായിരുന്നില്ല അനധികൃത സമ്പാദ്യങ്ങളും പണവും കണ്ടെത്തുക എന്നതു കൂടിയായിരുന്നു എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. നോട്ട് നിരോധനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളില്‍ കറന്‍സി ഇടപാടുകള്‍ കുറയ്ക്കുക, നികുതി സമ്പ്രദായം ശക്തിപ്പെടുത്തുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുക എന്നതു കൂടിയായിരുന്നു എന്നും ജെയ്റ്റ്‌ലി പറഞ്ഞു.
നോട്ട് നിരോധനം സര്‍ക്കാരിന് നേട്ടമുണ്ടാക്കിയെന്ന് അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടായി എന്ന് സംശയിക്കുന്ന 18ലക്ഷം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
നോട്ട് നിരോധനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 98.96 ശതമാനം നോട്ടുകളും തിരികെ എത്തിയെന്ന് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന് ഭീഷണിയാകുന്ന കള്ളപ്പണം കണ്ടെത്താനാണ് നോട്ട് നിരോധനം എന്നാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമായ തീരുമാനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്. ആര്‍ബിഐയുടെ കണക്കുകള്‍ പുറത്തു വന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോഡിയേയും വിമര്‍ശിച്ച് രംഗത്തെത്തി.
കണക്കുകള്‍ പ്രകാരം 15.28 ലക്ഷം കോടിയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ജനജീവിതത്തെ സാരമായി ബാധിച്ച നോട്ട് നിരോധനം സര്‍ക്കാര്‍ മുന്‍കരുതലെടുക്കാതെ നടത്തിയത് സാമ്പത്തിക പുരോഗതിയിലും ദൈനംദിന്തന ജീവിതത്തിലുമുള്‍പ്പെടെ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു.

രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ത്തതും, നിരപരാധികളുടെ ജീവനെടുത്തതുമായ ദുരന്തം എന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നോട്ട് നിരോധനത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണം വെള്ളപ്പണമാക്കാനാണോ എന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചു. ആര്‍ബിഐയ്ക്ക് നോട്ട് നിരോധനം വഴി 16,000 കോടി രൂപയുടെ നേട്ടമുണ്ടാക്കാനായപ്പോള്‍ 21,000 കോടി രൂപയുടെ നഷ്ടം വന്നുവെന്നു ചിദംബരം ട്വീറ്റ് ചെയ്തു. ഭരണത്തിലിരിക്കുമ്പോള്‍ ഒന്നു ചെയ്യാതെ ഇരുന്നവര്‍ക്ക് പല തീരുമാനങ്ങളും എന്താണെന്ന് മനസിലാകണമെന്നില്ലെന്ന് ചിദംബരത്തിന്റെ വിമര്‍ശനത്തിന ജെയ്റ്റ്‌ലി മറുപടി നല്‍കി.

© 2024 Live Kerala News. All Rights Reserved.