കതിരൂര്‍ മനോജ് വധം: പി. ജയരാജനെതിരെ സിബിഐ യുഎപിഎ ചുമത്തി; കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് കുറ്റപത്രം

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി സിബിഐയുടെ അനുബന്ധ കുറ്റപത്രം. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയ്ക്ക് പുറമെ യുഎപിഎ അടക്കം 15 ലേറെ വകുപ്പുകളാണ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ചുമത്തിയത്. കൂടാതെ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ വ്യക്തമാക്കുന്നു.
കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചതില്‍ കേസിലെ 25ാം പ്രതിയായ പി. ജയരാജനാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൂടാതെ പി.ജയരാജനെതിരെ സാക്ഷി മൊഴികളുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. മറ്റ് പ്രതികളും സിപിഐഎം പ്രവര്‍ത്തകരാണ്. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.

നേരത്തെ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി ജയരാജനെ സിബിഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്. യുഎപിഎ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും. ബിജെപിയിലേക്കുള്ള സിപിഐഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിനായി, സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്നങ്ങള്‍ പോലും പരിഹരിക്കുന്നത് പി ജയരാജനാണെന്നും സിബിഐ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മൂന്നാം പ്രതി സി. പ്രകാശനും, പതിനൊന്നാം പ്രതി അരപ്പയില്‍ കൃഷ്ണനും ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. കൃഷ്ണന് മനോജുമായോ വിക്രമനുമായോ ബന്ധമില്ല, നേതാക്കള്‍ പറയാതെ കൃഷ്ണന്‍ വിക്രമനെ സഹായിക്കില്ലെന്നാണ് സിബിഐയുടെ നിരീക്ഷണം.

© 2024 Live Kerala News. All Rights Reserved.