സ്വാശ്രയ മെഡിക്കല്‍ ഫീസ്: ‘കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്’; പ്രത്യേക നിയമസഭാ സമ്മേളനവും സര്‍വകക്ഷി യോഗവും വിളിക്കണമെന്ന് സിപിഐ

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദ്യാഭ്യാസ മേഖല കച്ചടവക്കാരുടെ കയ്യിലായത് ദുരന്തമാണെന്ന് കാനം തുറന്നടിച്ചു. കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനവും സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫീസിനും പ്രവേശനത്തിനും കൃത്യമായ മാനദണ്ഡം വേണമെന്നും കാനം പറഞ്ഞു.
സാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇതിനിടെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും കൂടുതല്‍ തളര്‍ത്തി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായി. പരീക്ഷാ കമ്മീഷണറേയും ഹൈക്കോടതി ശാസിച്ചു. സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ കളിപ്പാവയാകുന്നു. പല കോളേജുകളേയും സഹായിക്കാന്‍ ശ്രമം നടക്കുന്നതായും ഹൈക്കോടതി വിമര്‍ശിച്ചു.
ഇത് തിരിച്ചടിയായി നില്‍ക്കുമ്പോഴാണ് സുപ്രീം കോടതി സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനെ തള്ളി 11 ലക്ഷം മെഡിക്കല്‍ പ്രവേശന ഫീസായി നിശ്ചയിച്ചത്. ഇതോടെ പിണറായി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. സുപ്രീം കോടതിയില്‍ കേസ് വേണ്ടവിധത്തില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.