ജെഎന്‍യുവിനെയും വനിത നയിക്കും; എബിവിപിയെ നേരിടാന്‍ ഐസയും എസ്എഫ്‌ഐയും ഒരുമിച്ച് മത്സരിക്കും

രാജ്യതലസ്ഥാനത്തെ സര്‍വകലാശാലയായ ജെഎന്‍യു സര്‍വകലാശാലയെയും വനിതാ വിദ്യാര്‍്ത്ഥി നയിക്കും. സെപ്തംബര്‍ 8ന് നടക്കുന്ന വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടേയും സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്. എബിവിപിയെ നേരിടുന്നതിനു വേണ്ടി ഇടത് വിദ്യാര്‍ത്ഥി സംഘടകളായ ഐസ, എസ്എഫ്‌ഐ. ഡിഎസ്എ എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ച് മത്സരിക്കും. മുന്‍ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡണ്ടായിരുന്ന കനയ്യകുമാറിന്റെ പ്രസ്ഥാനം എഐഎസ്എഫ് ഒറ്റക്കാണ് വിധി തേടുന്നത്.
ഐസ, എസ്എഫ്‌ഐ. ഡിഎസ്എഫ് സഖ്യത്തിനു വേണ്ടി ഐസ അംഗം ഗീതാ കുമാരി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു. എഐഎസ്എഫിന്റെ സ്ഥാനാര്‍ത്ഥി പ്രമുഖ സിപിഐ നേതാവ് ഡി രാജയുടെ മകളായ അപരാജിത രാജയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇടത് സഖ്യത്തെ ഞെട്ടിച്ച ബാപ്‌സയുടെ സ്ഥാനാര്‍ത്ഥിയും വനിതയാണ്. ഷബ്‌ന അലിയാവും സ്ഥാനാര്‍ത്ഥിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

ഐസ, എസ്എഫ്‌ഐ. ഡിഎസ്എഫ് സഖ്യത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഐസയുടെ സെമണ്‍ സോയ ഖാനും മത്സരിക്കുന്നു. എന്‍എസ്‌യു സ്ഥാനാര്‍ത്ഥിയായി വൃഷ്ണിക സിംഗും എബിവിപി സ്ഥാനാര്‍ത്ഥിയായി നിധി തൃപതിയും മത്സരിക്കുന്നു.

© 2024 Live Kerala News. All Rights Reserved.