‘കസ്റ്റഡിയില്‍ ഇരിക്കെ പൊലീസുകാരന്റെ ഫോണില്‍ നിന്നും കാവ്യയെയും ദിലീപിനെയും വിളിച്ചു’; പ്രോസിക്യൂഷന്റെ വാദങ്ങള്‍ സ്ഥിരീകരിച്ച് പള്‍സര്‍ സുനി

കസ്റ്റഡിയില്‍ ഇരിക്കെ പൊലീസുകാരുടെ ഫോണില്‍ നിന്നും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ വിളിച്ചെന്ന് പള്‍സര്‍ സുനി. ഇന്നലെ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഫോണ്‍ സംഭാഷണം ഹാജരാക്കിയിരുന്നു. ഇക്കാര്യമാണ് പള്‍സര്‍ സുനി ഇന്ന് സ്ഥിരീകരിച്ചത്. സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാനാണ് കോടതിയില്‍ ഈ തെളിവുകള്‍ നിരത്തിയതും.
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്. അന്ന് പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മുഖേന ദിലീപിനെയും കാവ്യയെയും വിളിക്കാന്‍ സുനി ശ്രമിച്ചു. പിന്നീട് ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. ഇതിനുശേഷം കാവ്യാമാധവന്റെ ലക്ഷ്യയിലേക്കും സുനി വിളിക്കാന്‍ ശ്രമിച്ചു. പിന്നീട് സ്വന്തം നിലക്കും പൊലീസുകാരന്‍ ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങളുണ്ട്.

തൃശൂരില്‍ നിന്നും പൊലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ പിന്നീട് സിം കാര്‍ഡ് നശിപ്പിച്ചു കളഞ്ഞു. അന്വേഷണം മുന്നോട്ട് പോയ സാഹചര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നിലെത്തി.
മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പൊലീസുകാരന്റെ ഫോണ്‍ രേഖകളും അടക്കം അന്വേഷണ സംഘം നിര്‍ണായക തെളിവായി മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു. തനിക്കെതിരെ കാക്കനാട് ജയിലില്‍ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ വാദം പ്രോസിക്യൂഷന്‍ പൊളിച്ചത് ഈ രേഖകള്‍ ഉപയോഗിച്ചാണെന്നാണ് വിവരം. തെളിവു നശിപ്പിക്കുക, പ്രതിയെ സഹായിക്കുക എന്നീ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തേക്കും എന്നും സൂചനയുണ്ട്.

© 2024 Live Kerala News. All Rights Reserved.