‘കോഴ നല്‍കി നേടുന്ന പ്രവേശനം റദ്ദാക്കും’; കെഎംസിടി മെഡിക്കല്‍ കോളേജിനെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കോഴ നല്‍കി വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടരുതെന്നും അങ്ങനെ ചെയ്താല്‍ പ്രവേശനം റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കോളേജുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെഎംസിടി കോളേജ് ഇടനിലക്കാരെ കൊണ്ട് രക്ഷിതാക്കള്‍ക്ക് എസ്എംഎസ് അയപ്പിച്ച് വന്‍ കോഴ വാങ്ങി സ്‌പോട്ട് അഡ്മിഷനിലൂടെ മെറിറ്റ് അട്ടിമറിച്ച സംഭവത്തില്‍ കോളേജിനെതിരെ നടപടി എടുക്കുമെന്നും കോളേജുകളുടെ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവാത്ത ചൂക്ഷണമാണെന്നും മന്ത്രി ശൈലജ കൂട്ടിച്ചേര്‍ത്തു. കെഎംസിടിയുടെ സ്‌പോര്‍ട്ട് അഡ്മിഷന്‍ പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വാശ്രയ കോളേജുകളിലേക്ക് എല്ലാ അലോട്ട്‌മെന്റും നടത്തുന്നത് സര്‍ക്കാരാണ്. പ്രവേശനത്തിനായി കോഴ വാങ്ങാനുള്ള മാനേജ്‌മെന്റുകളുടെ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വിദ്യാര്‍ത്ഥികള്‍ വീഴരുത്. കോഴ കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവരുതെന്നും ശൈലജ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.