സാധാരണയേക്കാള്‍ ഒമ്പത് ഇരട്ടി മഴ; മുംബൈയില്‍ കനത്ത വെള്ളപ്പൊക്കം; ദുരിതത്തിലാണ്ടത് മലയാളികള്‍ ഏറെയുള്ള പ്രദേശം

മുംബൈ: കനത്ത മഴയില്‍ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. 2005ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് നഗരത്തിലെ ജനജീവിതം സ്തംഭിപ്പിച്ചത്. സാധാരണയിലും ഒമ്പത് ഇരട്ടി മഴയാണ് മുംബൈയില്‍ പെയ്തിറങ്ങിയത്.
മലയാളികള്‍ ഏറെയുള്ള ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. താഴ്ന്നയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകളേയും മഴ തടസപ്പെടുത്തി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.നാട്ടുകാരോട് അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയജലത്തില്‍ നീന്തരുതെന്നും മുന്നറിയിപ്പുണ്ട്. ട്രെയിന്‍ ഗതാഗതവും വിമാന ഗതാഗതവും താറുമാറായി. രക്ഷാപ്രവര്‍ത്തനത്തിന് സര്‍വ്വ സജ്ജമായി ദേശീയ ദുരന്തനിവാരണ സേന മുംബൈയിലുണ്ട്.

© 2024 Live Kerala News. All Rights Reserved.