മോഹന്‍ഭാഗവത്-ദേശീയ പതാക വിവാദം: പിണറായി സര്‍ക്കാരിനോട് മോഡിയുടെ ഓഫീസ് വിശദീകരണം തേടി; പരാതി നല്‍കിയത് ബിജെപി

ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിനെ ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കിയതില്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫിസ് വിശദീകരണം തേടി. ചീഫ് സെക്രട്ടറിക്കാണ് മറുപടി ആവശ്യപ്പെട്ടുളള നോട്ടീസ് ലഭിച്ചത്. ഇത് സംബന്ധിച്ച് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ചടങ്ങുകള്‍ നടന്നത്.

എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ വിലക്കുകളെയും മറികടന്നാണ് ആര്‍എസ്എസ് നേതൃത്വം പതാക ഉയര്‍ത്തല്‍ ചടങ്ങുമായി മുന്നോട്ട് പോയത്.
സ്‌കൂള്‍ മാനെജ്മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെസമയം വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ചടങ്ങിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു. ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നാണ് ഉയര്‍ന്ന ആരോപണം. പകരം ദേശീയഗീതമായ വന്ദേമാതരമാണ് ഇവിടെ ആലപിച്ചത്. ഇത് നാഷണല്‍ ഫ്ളാഗ് കോഡിന്റെ ലംഘനമാണെന്നാണ് ഉയരുന്ന പരാതി. ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനമാണ് ചൊല്ലേണ്ടത്.

© 2024 Live Kerala News. All Rights Reserved.