ചാക്കിട്ട് പിടിച്ചിട്ടും ഡല്‍ഹിയില്‍ ബിജെപിക്ക് ജനങ്ങളുടെ ചുട്ടയടി; മോഡി-ഷാ സ്വപ്ന ‘ഭാവന’ തകര്‍ത്ത് ആം ആദ്മിക്ക് ഉജ്വല ജയം

ഡല്‍ഹി ഭാവന നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മിയ്ക്ക് വിജയം. 24,052 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാം ചന്ദര്‍ ബിജെപിയുടെ വേദ് പ്രകാശിനെ പരാജയപ്പെടുത്തിയത്. ആപ്പ് പാളയത്തില്‍ നിന്നും ബിജെപിയിലെത്തിയ വേദ് പ്രകാശിനെതിരായ രാം ചന്ദറിന്‍റെ വിജയത്തിന് കെജ്രിവാളിനെയും പാര്‍ട്ടി അനുയായികളെയും സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണ്. റാം ചന്ദര്‍ 59,886 വോട്ടുകള്‍ നേടിയപ്പോള്‍, ബിജെപി സ്ഥാനാര്‍ഥിക്ക് 35,834 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് 31,919 വോട്ടുകള്‍ നേടാനായി.
അന്തിമ ഫലത്തോട് അടുക്കുമ്പോള്‍ ലീഡ് നിലയില്‍ ആം ആദ്മി ബഹൂദൂരം മുന്നിലായിരുന്നു. മൂന്നാം സ്ഥാനത്ത് തുടര്‍ന്ന ബിജെപി അവസാനഘട്ടത്തിലാണ് കോണ്‍ഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയത്.
ആം ആദ്മി പാളയത്തിലെ വേദ് പ്രകാശിനെ ബിജെപി പാളയത്തിലെത്തിച്ച് ഡല്‍ഹിയില്‍ വേരുറപ്പിക്കാമെന്ന അമിത്-ഷാ മോഡി കൂട്ടുകെട്ടിന്‍റെ പദ്ധതികള്‍ക്ക് കൂടിയാണ് ഭാവന നിയോജക മണ്ഡലത്തില്‍ തിരിച്ചടിയായത്. ആം ആദ്മി പാര്‍ട്ടി നേതാവ് വേദ് പ്രകാശ് ബിജെപിയിലേക്ക് പോയതിനു തൊട്ടു പിന്നാലെയാണ് ഭാവനയില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. തെരഞ്ഞെടുപ്പിലെ വിജയം ആപ്പിന് അതുകൊണ്ട് തന്നെ അഭിമാന പോരാട്ടം കൂടിയായിരുന്നു. ഉപതെരഞ്ഞെടുപ്പിലൂടെ ഡല്‍ഹിയില്‍ തിരിച്ചെത്താമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ ലക്ഷ്യം കണ്ടില്ല. ലീഡ് നില ബഹൂദൂരം മുന്നിലെത്തിയതിനു പിന്നാലെ ഡല്‍ഹിയില്‍ ആപ്പ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം ആരംഭിച്ചിരുന്നു.
ഗോവയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയാണ് വിജയിച്ചത്. ഗോവ, ഡല്‍ഹി, ആന്ധ്രപ്രേദേശ് എന്നീ സംസ്ഥാനങ്ങളിലായി നാല് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

ആന്ധ്രപ്രദേശിലെ നന്ദിയാലിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. ആന്ധ്ര മുഖ്യമന്ത്രി കെ ചന്ദ്രബാബു നായിഡുവും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും തമ്മിലുള്ള അഭിമാന പോരാട്ടം കൂടിയാണ് നന്ദിയാലിലെ തെരഞ്ഞെടുപ്പ്.

© 2024 Live Kerala News. All Rights Reserved.