കോട്ടയത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കുപ്രസിദ്ധ ഗുണ്ടയും ഭാര്യയും അറസ്റ്റില്‍

കോട്ടയത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷി(40)ന്റെ മൃതദേഹമാണ് മന്ദിരം കലുങ്കിനുസമീപം കണ്ടെത്തിയത്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോള്‍ എന്നിവര്‍ അറസ്റ്റില്‍. ഇവരെ എത്തിച്ചുനടത്തിയ തെളിവെടുപ്പില്‍ സന്തോഷിന്റെ തല സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു. കുഞ്ഞുമോളെ സന്തോഷ് സ്വന്തമാക്കാന്‍ ശ്രമിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി.
തലയില്ലാത്ത മൃതദേഹം രണ്ടായി മുറിച്ചു രണ്ടു ചാക്കുകളിലായാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാലു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. ദുര്‍ഗന്ധമുയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷിനെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ അറുത്തുമുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യന്ത്രവാളോ മറ്റു മൂര്‍ച്ചയുള്ള ആയുധമോ ഉപയോഗിച്ച് കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയ നിലയായിരുന്നു മൃതദേഹം. അരയ്ക്കു മുകളിലോട്ടുള്ള ഭാഗം ഒരു ചാക്കിലും താഴോട്ടുള്ള ഭാഗം മറ്റൊരു ചാക്കിലുമാക്കിയാണ് കണ്ടെത്തിയത്. നീലവരയന്‍ ഷര്‍ട്ടിന്റെ കൈകള്‍ മുട്ടിനു മുകളില്‍ മടക്കിവച്ചിട്ടുണ്ട്. കാല്‍ഭാഗം ഭാഗം കണ്ടെത്തിയ ചാക്കില്‍നിന്ന് കാവിമുണ്ടും ഒരു വള്ളിച്ചെരുപ്പും കണ്ടെത്തിയിയിരുന്നു.
സ്വന്തം പിതാവിനെ തന്നെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായി ഈയിടെ ജാമ്യത്തില്‍ ഇറങ്ങിയ വ്യക്തിയാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ എ.ആര്‍.വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദ്. ഇയാളുടെ ഭാര്യ കുഞ്ഞുമോള്‍ക്കും കൊലയില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കോട്ടയം മുട്ടമ്പലത്ത് നഗരസഭാ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോള്‍ വിനോദ് സ്വന്തം പിതാവിനെ തൊഴിച്ചു കൊലപ്പെടുത്തിയതായാണ് കേസ്. ഫെബ്രുവരി അഞ്ചിനായിരുന്നു ഈ കൊലപാതകം. അന്ന് സ്വാഭാവിക മരണമായി പൊലീസ് കേസെടുത്തെങ്കിലും തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ വിനോദ് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അച്ഛന്റെ വാരിയെല്ലുവരെ തകര്‍ത്തായിരുന്നു കൊല. വിനോദിന്റെ അമ്മ നഗരസഭയില്‍ പാര്‍ട് ടെം ജീവനക്കാരിയായതിനാലാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചത്. ഇപ്പോള്‍ മീനടത്താണ് താമസം.

© 2024 Live Kerala News. All Rights Reserved.